ഒമാന്‍ വിപണിയില്‍ ഇനി 'അതിമധുരം'; കശ്മീര്‍ ആപ്പിള്‍ നവംബര്‍ മുതല്‍ വില്‍പ്പനയ്ക്ക്

By Web TeamFirst Published Oct 23, 2019, 10:24 PM IST
Highlights

ഒമാന്‍ വിപണി കീഴടക്കാന്‍ കശ്മീര്‍ ആപ്പിള്‍ നംവബര്‍ മുതല്‍ വില്‍പ്പനയ്‍ക്കെത്തും.

മസ്കറ്റ്: നവംബർ മാസം മുതൽ കശ്മീർ ആപ്പിൾ ഒമാനിലെ  വിപണിയിൽ എത്തുന്നു. കശ്മീരിൽ നിന്ന് പഴവർഗ്ഗങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ലുലു ഗ്രൂപ്പ് ഉണ്ടാക്കിയ കരാറിലാണ് 'കശ്മീർ ആപ്പിൾ' ഒമാനിലെ വിപണിയിൽ എത്തുന്നത്. കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിനെത്തുടർന്ന് വാണിജ്യ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ കശ്മീരിന്റെ വ്യാപാര വ്യവസായ മേഖലയിൽ ഒരു വൻ വളർച്ചക്ക് സാധ്യത തുറക്കുമെന്നാണ് ലുലു ഗ്രൂപ്പ് മാനേജ്‍മെന്റിന്‍റെ വിലയിരുത്തല്‍. കൂടാതെ ഇന്ത്യയിലേക്ക് കൂടുതൽ  വിദേശനാണ്യം എത്തിക്കുവാനും ഇത് സഹായകമാകും.

ആർട്ടിക്കിള്‍ 370 ഉം 35 എയും നിലനിന്നിരുന്നപ്പോള്‍ വ്യവസായികൾക്ക് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത് പോലെ കശ്മീരിൽ  യഥേഷ്ടം പ്രവർത്തിക്കുവാൻ സാധിക്കുകയില്ലായിരുന്നു. എന്നാൽ 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന് നൽകിയ പ്രത്യേക പദവി ഇന്ത്യൻ സർക്കാർ റദ്ദാക്കിയത് വ്യാപാര വ്യവസായ രംഗത്ത്  വൻ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇത് 2019 ഒക്ടോബർ 31 മുതൽ പൂർണമായും പ്രാബല്യത്തിൽ വരും. ഏതൊരു വ്യവസായ സംരംഭകർക്കും യൂണിയൻ ഓഫ് ഇന്ത്യ ( ഭാരത് സർക്കാർ ) അനുശാസിക്കുന്ന വാണിജ്യ നിയമങ്ങൾക്കനുസൃതമായി ജമ്മു കശ്മീരിലെയും ലഡാക്കിലെയും കേന്ദ്രഭരണ പ്രദേശങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കും .

2019 ഓഗസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം‌എ, കശ്മീരി കാർഷിക ഉൽ‌പന്നങ്ങൾ വാങ്ങുന്നതിനും ശ്രീനഗറിൽ തടസ്സമില്ലാതെ  വിതരണത്തിനായി ഒരു ലോജിസ്റ്റിക് ഹബ് സ്ഥാപിക്കുന്നതിനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. യൂസഫലിയുടെ നീക്കത്തെ മോദി അന്ന് സ്വാഗതവും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഒമാനിലേക്ക്  ലുലു ഗ്രൂപ്പ് ആപ്പിൾ വാങ്ങി തുടങ്ങുന്നത്.

കശ്മീരിൽ നിന്നുമുള്ള ആദ്യ കയറ്റുമതി എന്ന നിലയിൽ 200 ടൺ ആപ്പിൾ ഇതിനകം കയറ്റി അയച്ചു കഴിഞ്ഞതായും വരും ദിവസങ്ങളിൽ കയറ്റി അയക്കുന്നതിന്റെ തോത് വർധിക്കുമെന്നും ലുലു മാനേജ്‍മെന്റ് അധികൃതർ പറഞ്ഞു. കശ്മീരിലെ  മറ്റു  കാർഷിക  ഉത്പന്നങ്ങൾ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ഉടൻ തന്നെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ  ‘കശ്മീർ പ്രമോഷൻ  വാരം’സംഘടിപ്പിക്കുമെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി. 

ഇപ്പോൾ കശ്മീരിൽ  3.87 ലക്ഷം ഹെക്ടറിൽ ആപ്പിൾ കൃഷി ചെയ്യുന്നുണ്ട്. ഇത് പ്രതിവർഷം 8,000 കോടി ഇന്ത്യൻ രൂപ നേടി തരുന്നതിനോടൊപ്പം ഏഴ് ലക്ഷം കുടുംബങ്ങൾക്ക് ജീവിത ഉപാധിയായി മാറുകയും ചെയ്യും. കശ്മീരിൽ പ്രോസസ്സിംഗ് പ്ലാന്റുകളും കോൾഡ് സ്റ്റോറേജുകളും സ്ഥാപിച്ചാൽ വിറ്റുവരവ് വളരെ കൂടുതലാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ആപ്പിളിന് പുറമേ കശ്മീരിൽ നിന്ന് അരി, വാൽനട്ട്, പയർവർഗ്ഗങ്ങൾ, കുങ്കുമം മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വാങ്ങുന്നതിനും ലുലു ഗ്രൂപ്പ്  നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം തീവ്രവാദികൾ ആപ്പിൾ കർഷകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഭാഗികമായി  മറ്റു തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും താഴ്വാരങ്ങളിൽ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആപ്പിളും പീച്ചുകളും വിതരണം ചെയ്യുന്നത് ഇരട്ടിയായി. ജമ്മു കശ്മീരിൽ ഓരോ വർഷവും 19 ലക്ഷം മെട്രിക് ടൺ ആപ്പിളാണ് ഉത്പാദിപ്പിക്കുന്നത്. ഇത് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആപ്പിളിന്റെ 80 ശതമാനമാണ്. ലോകത്തിൽ ആപ്പിൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ നിരയിൽ ഇന്ത്യക്ക് അഞ്ചാമത്തെ സ്ഥാനമാണുള്ളത്.

click me!