UAE Investment in Kerala: യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

Published : Feb 09, 2022, 08:03 PM IST
UAE Investment in Kerala:  യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

Synopsis

വാണിജ്യ - വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും. അബുദാബി ചേംബര്‍ ചെയര്‍മാന്‍ അബ്‍ദുല്ല മുഹമ്മദ് അല്‍ മസ്‍റൂഇയുമായി നടത്തിയ കൂടിക്കാഴ്‍ചയിലാണ് ഈ തീരുമാനം.

തിരുവനന്തപുരം: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്‍തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പും നല്‍കി. ഇന്ത്യയില്‍ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. 

വാണിജ്യ - വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും. അബുദാബി ചേംബര്‍ ചെയര്‍മാന്‍ അബ്‍ദുല്ല മുഹമ്മദ് അല്‍ മസ്‍റൂഇയുമായി നടത്തിയ കൂടിക്കാഴ്‍ചയിലാണ് ഈ തീരുമാനം. കൊവിഡ് വ്യാപനം കുറയുന്ന മുറയ്‍ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം. 

അഞ്ച് ദിവസം നീണ്ട യുഎഇ സന്ദര്‍ശനത്തില്‍ ഊഷ്‍മളമായ സ്വീകരണമാണ് യുഎഇ ഭരണാധികാരികളില്‍ നിന്നും പ്രവാസി മലയാളികളില്‍ നിന്നും ലഭിച്ചത്. ദുബൈ എക്സ്പോ 2020 വേദിയില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹൃദ്യമായ സ്വീകരണം നല്‍കി. അദ്ദേഹത്തോടൊപ്പം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എമിറേറ്റ്സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു.

കേരളത്തിന്റെ വികസനത്തില്‍ യുഎഇ നല്‍കിവരുന്ന പിന്തുണയ്ക്ക് ശൈഖ് മുഹമ്മദിനോട് നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്‍തു. യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്‍ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

അബുദാബിയില്‍ രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാന്‍, ശൈഖ് നഹ്‍യാന്റെ മകനും യുഎഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ശഹബൂത്ത് ബിന്‍ നഹ്‍യാന്‍ അല്‍ നഹ്‍യാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യുഎഇയുടെ വികസനത്തില്‍ മലയാളികള്‍ വഹിച്ച പങ്കിനെ ശൈഖ് നഹ്‍യാന്‍ പ്രകീര്‍ത്തിച്ചു. ഉന്നത ബൗദ്ധിക
 നിലവാരമുള്ള മലയാളികള്‍ യുഎഇക്ക് എന്നും മുതല്‍കൂട്ടാണെന്നും പരസ്‍പര സഹകരണത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും ശൈഖ് നഹ്‍യാന്‍ പറഞ്ഞു. 

കേരളത്തില്‍ തുടര്‍ ഭരണമുണ്ടായത് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാവുമെന്ന് ശൈഖ് നഹ്‍യാന്‍ കൂടിക്കാഴ്‍ചയില്‍ എടുത്തുപറഞ്ഞു. കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ചതിനൊപ്പം ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യുഎഇ ഭരണസംവിധാനം കാണിക്കുന്ന സ്‍നേഹത്തിനും സാഹോദര്യത്തിനും അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. 

യുഎഇ അന്താരാഷ്‍ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി ബിന്‍ അഹമ്മദ് അല്‍ സിയൂദി, യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി, യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വ്യവസായ മന്ത്രിയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ ജാബിര്‍ എന്നിവരുമായി വിവിധ സമയങ്ങളിലായി കൂടിക്കാഴ്‍ച നടത്തി. കേരളത്തിന്റെ ഉന്നമനത്തിനായി ഉതകുന്ന വിവിധ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് ഇവരെല്ലാം അറിയിച്ചു. കേരളത്തില്‍ വ്യവസായ മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് എല്ലാ പിന്തുണയും യുഎഇയിലെ വിവിധ വ്യവസായികള്‍ വാഗ്ദാനം ചെയ്‍തതായും മുഖ്യമന്ത്രി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന