നാട്ടിലേക്ക് മടങ്ങാന്‍ വൈദ്യ പരിശോധനാ സർട്ടിഫിക്കറ്റ്; സലാലയിലെ പ്രവാസികൾ ആശങ്കയിൽ

By Web TeamFirst Published Jun 14, 2020, 11:48 PM IST
Highlights

ഇതിനകം വന്ദേ ഭാരത് ദൗത്യത്തിൽ അഞ്ച് വിമാനങ്ങളിലായി 900 മലയാളികൾക്ക് മാത്രമേ സലാലയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുവാൻ സാധിച്ചിട്ടുള്ളൂ

സലാല: ഒമാനില്‍നിന്ന് മടക്കയാത്രക്ക് കാത്തിരിക്കുന്ന സലാലയിലെ പ്രവാസികൾ ആശങ്കയിൽ. ഇപ്പോൾ സർക്കാർ ആവശ്യപ്പെടുന്ന വൈദ്യ പരിശോധനാ സംവിധാനങ്ങൾ ഇവിടെ ലഭ്യമല്ലെന്ന് സലാലയിലെ സാമൂഹ്യ പ്രവർത്തകർ പറയുന്നു. വന്ദേഭാരത് ദൗത്യത്തിൽ നാട്ടിലേക്കുള്ള വിമാനങ്ങളുടെ കുറവും പ്രവാസികൾക്ക് തിരിച്ചടിയാണ്.

ഏകദേശം 50,000ത്തിലധികം മലയാളികളാണ് ദോഫാർ ഗവര്‍ണറേറ്റിൽ സ്ഥിര താമസക്കാരായുള്ളത്. ഇവിടെനിന്ന് നാട്ടിലേക്ക് മടങ്ങുവാൻ പതിനായിരത്തോളം മലയാളികൾ മസ്‌ക്കറ്റ് ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സാമൂഹ്യ പ്രവർത്തകർ കണക്കാക്കുന്നത്. ഇതിനകം വന്ദേ ഭാരത് ദൗത്യത്തിൽ അഞ്ച് വിമാനങ്ങളിലായി 900 മലയാളികൾക്ക് മാത്രമേ സലാലയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുവാൻ സാധിച്ചിട്ടുള്ളൂ.

കൊവിഡുമായി ബന്ധപെട്ട് സംസ്ഥാനം ഇപ്പോൾ ആവശ്യപ്പെടുന്ന വൈദ്യ പരിശോധന സർട്ടിഫിക്കറ്റുകൾ സലാലയിൽ നിന്ന് ലഭിക്കുകയുമില്ല. ദോഫാർ മേഖലയിൽ കൊവിഡ് രോഗം വർധിക്കുന്നതിനാൽ ഒമാൻ സുപ്രിം കമ്മറ്റി ജൂലൈ മൂന്ന് വരെ ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. 

Read more: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 40 പേർ മരിച്ചു

ചാർട്ടേ‍ഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡില്ലെന്ന് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സംസ്ഥാന സർക്കാർ. മടങ്ങിവരുന്ന പ്രവാസികൾക്കുള്ള കൊവിഡ് പരിശോധനക്ക് എംബസികളിൽ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി. സുരക്ഷ മുൻനിർത്തിയാണ് പ്രവാസികൾക്ക് കൊവിഡ് പരിശോധന ഫലം വേണമെന്ന നിലപാട് എടുത്തതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചു.

എന്നാല്‍ സർക്കാരിന് ഇരട്ടത്താപ്പാണെന്നും പരിശോധനയുടെ ചെലവ് സർക്കാർ വഹിക്കണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. 

Read more: കൊവിഡ്: കുവൈത്തിൽ മലയാളി ഉൾപ്പെടെ ഏഴ് പേർ മരിച്ചു

click me!