ഒടുവിൽ ആശ്വാസം; നീതുവിനെ സർക്കാർ നാട്ടിലെത്തിക്കും, തുടർചികിത്സ ഉറപ്പാക്കും

By Web TeamFirst Published Sep 22, 2019, 11:02 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകണ്ടാണ് ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വ്യവസായ മന്ത്രി ഇപി ജയരാജനും ആശുപത്രിയിലെത്തി നീതുവിനെ സന്ദർശിച്ചത്. 

അബുദാബി: അപൂര്‍വരോഗം പിടിപ്പെട്ട് ആറുമാസത്തിലേറെയായി അബുദാബിയിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതുവിനെ സര്‍ക്കാര്‍ നാട്ടിലെത്തിക്കും. സര്‍ക്കാര്‍ സഹായത്തില്‍ തുടര്‍ചികിത്സ നല്‍കുമെന്നും മന്ത്രി ഇപി ജയരാജന്‍ നീതുവിന്‍റെ കുടുംബത്തിന് ഉറപ്പ് നല്‍കി.

സന്ദര്‍ശകവിസയില്‍ ഭര്‍ത്താവിനൊപ്പം അമ്മയെകാണാന്‍ അബുദാബിയിലെത്തിയതായിരുന്നു നീതു. ഇവിടെവച്ചാണ് നീതുവിന് ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ് എന്ന അപൂര്‍വരോഗം പിടിപ്പെട്ടത്. പനിയുടെയും ഛർദിയുടെയും രൂപത്തിലായിരുന്നു തുടക്കം. പിന്നീടത് നിര്‍ത്താതെയുള്ള അപസ്മാരമായി. തുടര്‍ന്ന് നീതുവിനെ ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആറുമാസത്തോളമായി ആശുപത്രി കിടക്കയിലാണ് നീതു. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ അവസ്ഥയിലാണ് ഇപ്പോള്‍. ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടുമെങ്കിലും ആള്‍ക്കാരെ മനസ്സിലാവില്ല.

സന്ദര്‍ശക വിസയിലെത്തിയ നീതുവിന് ഈ മാസം 26 വരെയേ യുഎഇയിൽ ചികിത്സയിൽ തുടരാൻ അനുമതിയുള്ളൂ. അപൂർവ​രോ​ഗം പിടിപ്പെട്ട മകളെ നാട്ടിലെത്തിക്കാന്‍ സഹായം തേടുന്ന ശുചീകരണ തൊഴിലാളിയായ ബിന്ദുവിന്‍റെ ദുരവസ്ഥ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകണ്ട് ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വ്യവസായ മന്ത്രി ഇപി ജയരാജനും ആശുപത്രിയിലെത്തി നീതുവിനെ സന്ദർശിച്ചു. നോര്‍ക്കയുടെ സഹായത്തോടെ അടുത്ത ദിവസം തന്നെ നീതുവിനെ നാട്ടിലെത്തിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരം ശ്രീചിത്രയില്‍ തുടര്‍ ചികിത്സ നല്‍കുമെന്ന് മന്ത്രി ഇപി ജയരാജനും നീതുവിന്‍റെ കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മകളുടെ തുടര്‍ചികിത്സയ്ക്ക് തുക കണ്ടെത്താനാവതെ വിഷമിച്ച ബിന്ദുവിന് വലിയ ആശ്വാസമാണിപ്പോൾ. ഭര്‍ത്താവ് ഉപേക്ഷിച്ച ബിന്ദു 12 വര്‍ഷമായി യുഎഇയില്‍ തൂപ്പ് ജോലിയെടുത്താണ് മക്കളെ പഠിപ്പിച്ചത്. ഇളയമകളെ വിവാഹം കഴിപ്പിച്ച് രണ്ടുമാസം തികയും മുമ്പാണ് നീതുവിന് അപൂര്‍വരോഗം ബാധിച്ചത്.

click me!