യുഎഇയില്‍ വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് മലയാളികളുടെ ഹോട്ടല്‍

By Web TeamFirst Published Apr 1, 2020, 8:40 PM IST
Highlights

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരികയും ഭക്ഷണത്തിനും അവശ്യസാധനങ്ങള്‍ക്കും ബുദ്ധിമുട്ടുകയും ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് മലയാളികളുടെ ഹോട്ടല്‍.
 

ദുബായ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരികയും ഭക്ഷണത്തിനും അവശ്യസാധനങ്ങള്‍ക്കും ബുദ്ധിമുട്ടുകയും ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് മലയാളികളുടെ ഹോട്ടല്‍. യുഎയില്‍ വിവിധിയിടങ്ങളില്‍ ബ്രാഞ്ചുകളുള്ള ഗോള്‍ഡണ്‍ ഫോര്‍ക്ക്‌സ് എന്ന മാതൃസ്ഥാപനത്തിന്റെ ശാഖകളായ ഉപ്പും മുളകും എന്ന ഹോട്ടലുകളാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നവര്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. സുരക്ഷിതമായി പാക്ക് ചെയ്ത ഭക്ഷണം തൊഴിലാളികള്‍ വഴി വിവിധ ദിക്കുകളിലേക്ക് എത്തിച്ചാണ് വിതരണം.

'നമുക്ക് അവശ്യസാധനങ്ങളെല്ലാം കിട്ടുന്നുണ്ട്, ആഹാരം പാകം ചെയ്യാനും ആളുകള്‍ക്ക് എത്തിക്കാനും, നന്നായി ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യമില്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, നിസാഹയരായി പേടിച്ച് കഴിയുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായമെത്തിക്കണം എന്നാണ് ഞങ്ങള്‍ കരുതുന്നത്'.  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഖലീജ് ടൈംസിനോട് ഹോട്ടലുടമകള്‍ പ്രതികരിച്ചു.

അതേസമയം തന്നെ യുഎയുടെ കൂടുതല്‍ ഇടങ്ങളിലേക്ക് ഭക്ഷണമെത്തിക്കാന്‍ പ്രവാസികളുടെ സംഘടനയായ കെഎംസിസിയുമായി സഹകരിച്ചാണ് ഈ സഹായങ്ങള്‍ ഹോട്ടലധികൃതര്‍ ചെയ്യുന്നത്. വിതരണത്തിനായി അഞ്ച് ഡെലിവറി വാഹനങ്ങളിലായി ഭക്ഷണമെത്തിക്കുകയാണ് ഇപ്പോള്‍ ഹോട്ടല്‍ ചെയ്യുന്നത്. വെജിറ്റേറിയനു പുറമെ മാംസാഹാരവും ഹോട്ടല്‍ നല്‍കുന്നുണ്ട്. 

യുഎഇയില്‍ ആവശ്യക്കാര്‍ എവിടെയാണെങ്കിലും ഭക്ഷണമെത്തിച്ച് നല്‍കാന്‍ തയ്യാറാണന്നും ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷണ വിതരണം നടത്തുന്നതെന്നും, സ്ഥാപനത്തിലെ ജീവനക്കാര്‍ ഇതൊരു സേവന സാധ്യതായി കണ്ടാണ് ജോലി ചെയ്യുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
 

click me!