Latest Videos

കായംകുളം സ്വദേശി സജി ചെറിയാന്‍ ഇനി യുഎഇയുടെ സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും അംബാസിഡര്‍

By Web TeamFirst Published Nov 27, 2019, 7:26 PM IST
Highlights

ഫുജൈറയിലെ മുസ്ലീം സഹോദരങ്ങള്‍ക്ക് പള്ളി സമ്മാനിച്ച സജി ചെറിയാന് ഇത് അഭിമാന നിമിഷം. ഒന്നിച്ചു നമസ്‌കരിക്കാന്‍ സ്ഥലമില്ലാതെ വിഷമിച്ച പല രാജ്യക്കാരായ തൊഴിലാളികള്‍ക്കായാണ് പള്ളി പണിതുനല്‍കിയതെങ്കില്‍, യുഎഇ സജിയെ ആദരിച്ചത്  സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും അംബാസിഡര്‍ പദവി നല്‍കിക്കൊണ്ടാണ്. 

ഫുജൈറ: കായംകുളംകാരനായ സജി ചെറിയാന്‍ ഇനി യുഎഇയുടെ സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും അംബാസിഡര്‍. രാജ്യത്തെ മുസ്ലീം സഹോദരങ്ങള്‍ക്ക് പള്ളി നിര്‍മിച്ചുകൊണ്ട്   സഹിഷ്ണുത പുലര്‍ത്തുന്ന സമൂഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതിനാണ് പയനിയേഴ്സ് പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയിലൂടെയാണ് സജി ചെറിയാന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ആദ്യമായി പുറംലോകമറിഞ്ഞത്

ഫുജൈറയിലെ മുസ്ലീം സഹോദരങ്ങള്‍ക്ക് പള്ളി സമ്മാനിച്ച സജി ചെറിയാന് ഇത് അഭിമാന നിമിഷം. ഒന്നിച്ചു നമസ്‌കരിക്കാന്‍ സ്ഥലമില്ലാതെ വിഷമിച്ച പല രാജ്യക്കാരായ തൊഴിലാളികള്‍ക്കായാണ് പള്ളി പണിതുനല്‍കിയതെങ്കില്‍, യുഎഇ സജിയെ ആദരിച്ചത്  സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും അംബാസിഡര്‍ പദവി നല്‍കിക്കൊണ്ടാണ്.  അബുദാബിയില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം സജി ചെറിയാന്‍ പയനിയേഴ്സ് പുരസ്കാരം സമ്മാനിച്ചു.  സഹിഷ്ണുത പുലര്‍ത്തുന്ന സമൂഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതിനും യുഎഇയില്‍ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും മുന്‍കൈയ്യെടുത്തതിനായിരുന്നു അദരവ്.

പതിനഞ്ചു വര്‍ഷമായി ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന കായംകുളം സ്വദേശി‍ പോറ്റമ്മനാടിനു നല്‍കിയ സമ്മാനമായിരുന്നു അല്‍ ഹൈല്‍ ലേബര്‍കാംപിനു സമീപം 2.30 കോടി രൂപ ചിലവില്‍ നിര്‍മിച്ച മറിയം ഉമ്മു ഈസ എന്ന പള്ളി. 250 പേര്‍ക്ക് ഒന്നിച്ചു പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുള്ള ആരാധനാലയം കഴിഞ്ഞ വിശുദ്ധ റമദാനിലെ പതിനേഴാം രാവിലാണ് വിശ്വാസികള്‍ക്ക് സമ്മാനിച്ചത്. അഞ്ച് വര്‍ഷം മുമ്പ് ദിബ്ബയില്‍ ക്രൈസ്തവ ദേവാലയവും ഈ പ്രവാസി മലയാളി പണിതു നല്‍കിയിരുന്നു. 

2018 ജൂണില്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് സജി ചെറിയാനെന്ന പ്രവാസിമലയാളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെപ്പറ്റി പുറം ലോകമറിയുന്നത്. കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത അബുദാബിയിലെ അവാര്‍ഡ് ദാന ചടങ്ങില്‍ ശൈഖ് മുഹമ്മദിന്റെ സാമീപ്യത്തില്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്താനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തതും ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടായിരുന്നു.

വീഡിയോ കാണാം...
 

click me!