വൈകിയെത്തിയതുകൊണ്ട് വിമാനത്തില്‍ കയറാനായില്ല; ആ പത്ത് മിനിറ്റ് അഫ്‌സലിന് ജീവിതം തിരികെ കൊടുത്തു

By Web TeamFirst Published Aug 8, 2020, 5:03 PM IST
Highlights

വിവാഹം നിശ്ചയിച്ചതോടെ നാട്ടിലേക്ക് പുറപ്പെടാനായാണ് അഫ്‌സല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. കൊവിഡ് പ്രതിസന്ധി മൂലം കാലാവധി കഴിഞ്ഞ വിസ പുതുക്കാനുമായില്ല.

ദുബായ്: കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ഇന്നലെ നാട്ടിലെത്തേണ്ടതായിരുന്നു മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്‌സല്‍(26)പി കെ. വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാനാകാതെ വന്നതോടെയാണ് അഫ്‌സലിന്റെ യാത്ര മുടങ്ങിയത്. എന്നാല്‍ യാത്ര മുടക്കിയ ആ പത്ത് മിനിറ്റാണ് ഇന്ന് അഫ്‌സലിന് ജീവിതം തിരിച്ചുപിടിക്കാന്‍ കാരണമായത്.

വിവാഹം നിശ്ചയിച്ചതോടെ നാട്ടിലേക്ക് പുറപ്പെടാനായാണ് അഫ്‌സല്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. കൊവിഡ് പ്രതിസന്ധി മൂലം കാലാവധി കഴിഞ്ഞ വിസ പുതുക്കാനുമായില്ല. വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് 1000 ദിര്‍ഹം(20,000ത്തിലധികം ഇന്ത്യന്‍ രൂപ) പിഴയായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ 500 ദിര്‍ഹം മാത്രമെ അപ്പോള്‍ അഫ്‌സലിന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാക്കി തുക വിമാനത്താവളത്തിന് സമീപം താമസിക്കുന്ന സുഹൃത്തിന്റെ പക്കല്‍ നിന്നും വാങ്ങാനായി അഫ്‌സല്‍ തീരുമാനിച്ചു.

ഇതിനായി സുഹൃത്തിനെ ഫോണ്‍ വിളിച്ച് കാര്യം പറഞ്ഞു. ഉച്ചയ്ക്ക് 1.35ഓടെ സുഹൃത്ത് പണവുമായി വിമാനത്താവളത്തിലെത്തി. എന്നാല്‍ 1.25ന് തന്നെ ബോര്‍ഡിങ് ഗേറ്റ് അടച്ചു. പല തവണ അപേക്ഷിച്ചെങ്കിലും വിമാനത്തില്‍ കയറാനായില്ല. നിരാശനായ അഫ്‌സല്‍ കണ്ണൂരിലുള്ള അമ്മയെ വിളിച്ച് സംഭവിച്ചത് പറഞ്ഞു. മകനെ അമ്മ ആശ്വസിപ്പിക്കുകയും ചെയ്തു.

അവസാന നിമിഷം യാത്ര മാറ്റി വെച്ചു; ഏഴു മാസം ഗര്‍ഭിണിയായ ജസ്‍‍ലീനയ്ക്കിത് രണ്ടാം ജന്മം

ബാഗേജുകളുമായി വിമാനത്താവളത്തില്‍ നിന്നും തിരികെ മടങ്ങുമ്പോള്‍ പത്ത് മിനിറ്റ് നേരത്തെ എത്തിയിരുന്നെങ്കിലെന്ന് അഫ്‌സല്‍ പലകുറി ചിന്തിച്ചിട്ടുണ്ടാവും. മണിക്കൂറുകള്‍ക്ക് ശേഷം വിമാനം അപകടത്തില്‍പ്പെട്ട വാര്‍ത്തയറിയുകയായിരുന്നു. ഇപ്പോള്‍ ആ 10 മിനിറ്റിന് ജീവന്റെ വിലയുണ്ടെന്നറിഞ്ഞ് ദൈവത്തിന് നന്ദി പറയുകയാണ് ഈ യുവാവ്. അമ്മയുടെ പ്രാര്‍ത്ഥനയാണ് തന്നെ രക്ഷിച്ചതെന്ന് അഫ്സല്‍ പറയുന്നു. അടുത്ത ആഴ്ചയോടെ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് അഫ്‌സല്‍ ഇപ്പോള്‍. 

കരിപ്പൂര്‍ വിമാനാപകടം; ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്

 


 

click me!