
ദുബൈ: കൊവിഡ് കാലത്തെ വിവാഹങ്ങളില്‍ ഏറ്റവും അധികം നഷ്ടമാകുന്നത് ഒത്തുചേരലുകളാണ്. സാമൂഹിക അകലം പാലിച്ച്, അടുത്ത ബന്ധുക്കളില്‍ വളരെ കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹങ്ങള്‍ സംഘടിപ്പിക്കേണ്ട അനിവാര്യതയിലേക്ക് മഹാമാരിക്കാലം ലോകത്തെ എത്തിച്ചു. എന്നാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കം വധൂവരന്‍മാരെ നേരിട്ട് കണ്ട് ആശംസകളറിയിക്കാന്‍ യുഎഇയിലുള്ള മലയാളി ദമ്പതികള്‍ കണ്ടെത്തിയത് വളരെ വ്യത്യസ്തമായ ആശയമാണ്.
ദുബൈയില്‍ താമസിക്കുന്ന മലയാളികളായ മുഹമ്മദ് ജാസിം, അല്‍മാസ് എന്നിവരുടെ വിവാഹത്തിലാണ് പുതുമയും കൗതുകവും ഒത്തുചേര്‍ന്നത്. ചെറുപ്പക്കാലത്തില്‍ ഭൂരിഭാഗവും യുഎഇയില്‍ തന്നെ ചെലവഴിച്ച ജാസിമും അല്‍മാസും ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. ജാസിമിന്റെ സഹോദരിയുടെ സഹപാഠിയായിരുന്നു അല്‍മാസ്. എന്നാല്‍ ഇവര്‍ തമ്മില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ പരിചയമില്ലായിരുന്നെന്ന് ജാസിം പറയുന്നു. അറേഞ്ച്ഡ് മാര്യേജ് തന്നെയാണ് തങ്ങളുടേതെന്ന് അല്‍മാസും സമ്മതിച്ചു.
കൊവിഡ് കാലമായതിനാല്‍ വിവാഹം ആഘോഷമാക്കേണ്ടെന്ന തീരുമാനം എമിറേറ്റ്‌സ് എയര്‍ലൈനില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറായ ജാസിം ആദ്യം തന്നെ മാതാപിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് എല്ലാവര്‍ക്കും നേരിട്ടെത്തി വിവാഹാശംസകള്‍ അറിയിക്കാനുള്ള സൗകര്യം ഒരുക്കാന്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അല്‍മാസും തീരുമാനിച്ചു. വളരെ അടുത്ത ബന്ധുക്കളില്‍ കുറച്ചു പേര്‍ മാത്രം പങ്കെടുത്ത നിക്കാഹിന് ശേഷം വധൂവരന്‍മാര്‍ ജുമൈറയിലെ വീടിന് വെളിയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച കമാനത്തിന് താഴെ നിന്നു. ക്ഷണിക്കപ്പെട്ട മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും കാറിലെത്തി. രണ്ട് മിനിറ്റ് കാര്‍ നിര്‍ത്തിയ ഇവര്‍ ഇരുവര്‍ക്കും ആശംസകളറിയിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. സന്തോഷത്തില്‍ പങ്കെടുത്ത ശേഷം ഇവര്‍ വാഹനമോടിച്ച് പോയി. ചിലര്‍ വാഹനത്തിലിരുന്ന് പാട്ടുപാടിയും മറ്റും സന്തോഷം അറിയിച്ചു.
ഇങ്ങനെ എല്ലാ അതിഥികളും കാറില്‍ നിന്ന് വെളിയിലിറങ്ങാതെ തന്നെ ആശംസകളറിയിച്ചും സ്‌നേഹം പങ്കുവെച്ചും മടങ്ങുകയായിരുന്നെന്ന് ദമ്പതികളെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 12 മണിക്ക് നിക്കാഹ് നടത്തിയതിന് ശേഷം വൈകിട്ട് നാലു മണി മുതല്‍ ആറ് മണി വരെയായിരുന്നു വിവാഹ സല്‍ക്കാരം. അല്‍മാസിന്റെ പിതാവ് അഹമ്മദ് പന്തലിങ്കലും സഹോദരന്‍ അന്‍സിഫ് അഹമ്മദുമാണ് ഇത്തരമൊരു ആശയത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. വീഡിയോ വഴിയാണ് അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചത് വ്യത്യസ്തമായ ആശയം പറഞ്ഞപ്പോള്‍ എല്ലാവരും അത് അനുസരിക്കുകയും ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ രണ്ട് മിനിറ്റ് മാത്രം കാറിലിരുന്ന് ആശംസകളറിയിക്കുകയുമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പുതിയ ആശയത്തെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam