
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ കോണിയില്‍ നിന്ന് നിലത്തു വീണ് പരിക്കേറ്റ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് മരുതൂർ പൂവക്കോട് സ്വദേശി പടിഞ്ഞാറകത്ത് മുർതസ ഗുലാം ജീലാനി (28) ആണ് ചൊവാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. ദക്ഷിണ സൗദിയിലെ ജീസാനിൽ നാല് ദിവസം മുമ്പാണ് അപകടത്തിൽ പെട്ടത്.
ജീസാൻ ഈദാബിയിൽ ഒരു കടയുടെ ക്ലാഡിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ ചവിട്ടി നിന്ന കോണി നിലത്തു വീഴുകയായിരുന്നു. വീഴ്‌ചയിൽ തലക്കേറ്റ ശക്തമായ ക്ഷതം കാരണം അബോധാവസ്ഥയിലായി. അപകടം സംഭവിച്ച ഉടനെ ജീസാൻ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലയിൽ മേജർ ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് പടിഞ്ഞാറകത്ത് മൊയ്തീൻ മൗലവിക്ക് ഒപ്പം ഏഴു വർഷമായി ജീസാൻ സാബിയയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. രണ്ടു വർഷം മുമ്പ് പിതാവിനോപ്പമാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.
കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജീസാനിൽ തന്നെ ഖബറടക്കും. മാതാവ്: ഫാത്തിമ, ഭാര്യ: സഫീദ, മകൾ: മുജ്തബ. മരണാന്തര നടപടി ക്രമങ്ങളുമായി ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ഷമീർ അമ്പലപ്പാറ, ഖാലിദ് പട്ല, സലിം എടവണ്ണ, ആരിഫ് ഒതുക്കുങ്ങൽ എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam