സൗദിയിലേക്കുള്ള യാത്രാമധ്യേ പ്രവാസി മലയാളി മരിച്ചു; ഭര്‍ത്താവിന്‍റെ മരണമറിയാതെ ഭാര്യ സൗദിയിലെത്തി

By Web TeamFirst Published Dec 9, 2020, 8:35 AM IST
Highlights

റിക്രൂട്ട് ചെയ്യപ്പെട്ട മറ്റ് നഴ്‌സുമാരോടൊപ്പമാണ് അനുഷ സൗദി എയര്‍ലൈന്‍സില്‍ ഞായറാഴ്ച റിയാദിലെത്തിയത്. തിങ്കളാഴ്ച റിയാദ് കെയര്‍ ആശുപത്രിയിലെത്തി ജോലിയില്‍ ചേരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് ആശുപത്രിയിലാതോ മരിച്ചതോ ഒന്നും അനുഷ അറിഞ്ഞില്ല.

റിയാദ്: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയില്‍ ക്വാറന്റീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്‌സ് വിസയില്‍ സൗദിയിലേക്ക് പുറപ്പെട്ട ഭാര്യ ഇക്കാര്യമറിയാതെ റിയാദിലെത്തി. ആലപ്പുഴ മാന്നാര്‍ സ്വദേശി കൊട്ടുവിളയില്‍ ജോമി (31) ആണ് തിങ്കളാഴ്ച രാത്രിയില്‍ ദുബൈയിലെ ആശുപത്രിയില്‍ മരിച്ചത്. ഒരു റിക്രൂട്ടിങ് കമ്പനിയുടെ നഴ്‌സ് വിസയില്‍ ഞായറാഴ്ച റിയാദിലെത്തിയ ഭാര്യ അനുഷ വര്‍ഗീസ് ഭര്‍ത്താവിന്റെ മരണമറിഞ്ഞത് ചൊവ്വാഴ്ചയാണ്.

സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റീന്‍ എന്ന നിബന്ധന പാലിക്കാന്‍ ഈ മാസം രണ്ടിനാണ് ജോമി ദുബൈയിലെത്തിയത്. ആരോഗ്യപ്രവര്‍ത്തക എന്ന നിലയില്‍ ആ തടസ്സമില്ലാത്തതിനാല്‍ ദിവസങ്ങള്‍ക്ക് ശേഷം അനുഷയും സൗദിയിലേക്ക് വിമാനം കയറി. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന ജോമി കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. ജനുവരിയില്‍ അനുഷ വര്‍ഗീസിനെ വിവാഹം കഴിച്ചു. ഇതിനിടയില്‍ കൊവിഡ് വന്നതോടെ സൗദിയിലേക്കുള്ള തിരിച്ചുവരവ് മുടങ്ങി. അബ്ദല്‍ റിക്രൂട്ട്‌മെന്റ് കമ്പനിയുടെ കീഴില്‍ അനുഷക്ക് റിയാദിലേക്കുള്ള വിസ ശരിയായതോടെ ഒരുമിച്ച് കഴിയാമല്ലോ എന്ന സന്തോഷത്തിലാണ് ജോമി സൗദിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയത്. 14 ദിവസം എന്ന കടമ്പയുള്ളതിനാല്‍ ജോമി നേരത്തെ പുറപ്പെട്ടു. ദുബൈയിലുള്ള സഹോദരന്‍ നിഥിന്റെ കൂടെ കഴിയുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിക്രൂട്ട് ചെയ്യപ്പെട്ട മറ്റ് നഴ്‌സുമാരോടൊപ്പമാണ് അനുഷ സൗദി എയര്‍ലൈന്‍സില്‍ ഞായറാഴ്ച റിയാദിലെത്തിയത്. തിങ്കളാഴ്ച റിയാദ് കെയര്‍ ആശുപത്രിയിലെത്തി ജോലിയില്‍ ചേരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് ആശുപത്രിയിലാതോ മരിച്ചതോ ഒന്നും അനുഷ അറിഞ്ഞില്ല. റിയാദിലുള്ള മലയാളി നഴ്‌സ് ആനി സാമുവല്‍ വഴി സാവകാശം അനുഷയെ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അബ്ദല്‍ കമ്പനി മാനേജുമെന്റുമായി ബന്ധപ്പെട്ട് അനുഷയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. ജോമിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സൗദിയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ മുഹമ്മദും രംഗത്തുണ്ട്. യോഹന്നാന്‍ ജോസഫാണ് മരിച്ച ജോമിയുടെ പിതാവ്. അമ്മ: മോളിക്കുട്ടി.  

click me!