
ഇടുക്കി: അസൈർ ബൈജാനിലെ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് പരിക്കേറ്റ് മലയാളി യുവാവിനെ ചികിത്സക്കായി നാട്ടിലെത്തിക്കാൻ വേണ്ടി ലക്ഷങ്ങൾ കണ്ടത്താനാകാതെ വിഷമിക്കുകയാണ് ബന്ധുക്കൾ. വീടിനും വീട്ടുകാർക്കും താങ്ങാകാൻ വിദേശത്ത് ജോലിക്കു പോയ ഇടുക്കി തങ്കമണി നീലിവയൽ സ്വദേശി അബിൻ ടോമിയാണ് അപകടത്തിൽപ്പെട്ട് കിടപ്പിലായത്.
പതിനൊന്നു മാസം മുൻപാണ് നീലിവയൽ സ്വദേശി വെട്ടിയാങ്കൽ ടോമിയുടെ മകൻ അബിൻ ജോലിക്കായി അസർബൈജാനിലേക്ക് പോയത്. അവിടുത്തെ ഹോട്ടലിൽ ഷെഫായാണ് ജോലി ലഭിച്ചത്. താമസിച്ചിരുന്ന കെട്ടിടത്തിൻറെ നാലാം നിലയിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് അബിൻ താഴെ വീണത്. ഗുരുതരമായി പരുക്കേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ ഗബാല ഹോസ്പിറ്റലിൽ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നു. ചികിത്സകൾക്കായി ഇതിനോടകം ലക്ഷങ്ങൾ ചിലവായി.
തണുപ്പ് കാലമായതിനാൽ യുവാവിനെ നാട്ടിലേക്ക് കൊണ്ടുവരാൻ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് അസർബൈജാൻ എയർപോർട്ടിൽ എത്തിച്ചു. ഡോക്ടറില്ലാതെ വിമാനത്തിൽ അയക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു. ഡോക്ടറെയും കൂടെ വരാൻ സഹായിയെയും തയാറാക്കിയപ്പോഴേക്കും ടിക്കറ്റ് റദ്ദായി. നിലവിൽ എയർപോർട്ട് ക്ലിനിക്കിൽ ലക്ഷങ്ങളാണ് ചികിത്സയ്ക്ക് ചെലവാകുന്നത്. അതിനാൽ ശസ്ത്രക്രിയ പോലും മാറ്റി വച്ചു.
നാട്ടിലെത്തിച്ച് ശസ്ത്രകിയ ഉൾപ്പെടെയുള്ള തുടർ ചികിത്സയ്ക്കും വിമാന ടിക്കറ്റിനും മറ്റും വേണ്ട പണം കണ്ടെത്താൻ വഴിയില്ലാതെ വിഷമിക്കുകയാണ് കുടുംബം. അബിൻറെ പിതാവ് ടോമി ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് കുടുംബം കഴിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ