സൗദി പൗരന്‍റെ കാരുണ്യത്തില്‍ മലയാളി യുവാവിന് ജയില്‍ മോചനം

Published : Oct 31, 2020, 09:58 PM IST
സൗദി പൗരന്‍റെ കാരുണ്യത്തില്‍ മലയാളി യുവാവിന് ജയില്‍ മോചനം

Synopsis

ഏഴു സ്വദേശി വനിതകളെയും കൊണ്ട് യാത്ര ചെയ്യുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരണപ്പെടുകയും മറ്റുള്ളവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനം ഓടിച്ചിരുന്ന നൗഫല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സൗദി ട്രാഫിക് നിയമ പ്രകാരം ജലയിലിലായി.

റിയാദ്: വാഹനാപകട കേസില്‍ ഒന്നരവര്‍ഷമായി വാദിദവാസിറില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്ന മലയാളി യുവാവ് സൗദി പൗരെന്റ കാരുണ്യപരമായ ഇടപെടലില്‍ മോചിതനായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ കൂടി സഹായത്തോടെ മലപ്പുറം തിരുന്നാവായ ഇടക്കുളം സ്വദേശി ചെറുപറമ്പില്‍ നൗഫലിനാണ് ജീവിതം തിരിച്ചുകിട്ടിയത്.

2019 ആഗസ്റ്റിലായിരുന്നു വാഹനാപകടം. ഏഴു സ്വദേശി വനിതകളെയും കൊണ്ട് യാത്ര ചെയ്യുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരണപ്പെടുകയും മറ്റുള്ളവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനം ഓടിച്ചിരുന്ന നൗഫല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സൗദി ട്രാഫിക് നിയമ പ്രകാരം ജലയിലിലായി. വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതാണ് കാരണമായത്. കോവിഡ് പശ്ചാതലത്തില്‍ കേസ് നടപടികള്‍ നീണ്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍ ലത്തീഫ് മാനന്തേരി ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ അപേക്ഷ നല്‍കി. പ്രവിശ്യാ അമീറിന്റെ കാര്യാലയം ഇടപെട്ട് കേസ് വേഗത്തിലാക്കി. ഒടുവില്‍ കോടതി നൗഫലിനെ കുറ്റവിമുക്തനാക്കി.

എന്നാല്‍ മരിച്ച സ്വദേശി വനിതയുടെ കുടുംബത്തിനും പരിക്കേറ്റ മറ്റു വനിതകള്‍ക്കുമുള്ള നഷ്ടപരിഹാരം നല്‍കാതെ ജായില്‍ മോചനം സാധ്യമായിരുന്നില്ല. നൗഫലിന്റെ സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനാല്‍ ജാമ്യം ലഭിക്കാതെയുമായി. നൗഫലിന്റെയും കുടുംബത്തിന്റെയും പരാധീനതകള്‍ പരിക്കേറ്റവരുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവരുടെ കുടുംബങ്ങള്‍ നഷ്ടപരിഹാരം വേണ്ടെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ മരിച്ച വനിതയുടെ ബന്ധുക്കള്‍ നഷ്ടപരിഹാരമായി ഒന്നരലക്ഷം റിയാല്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍ ഈ തുക നൗഫലിന് ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. അതോടെ തുക സ്വരൂപിക്കാന്‍ സോഷ്യല്‍ ഫോറം നീക്കം നടത്തുകയായിരുന്നു. അവര്‍ സ്വദേശി പൗരന്മാരെ കാര്യങ്ങള്‍ ബോധിപ്പിക്കുകയും പ്രദേശത്തെ പൗരപ്രമുഖരുടെ സഹായത്തോടെ മരിച്ച സ്ത്രീയുടെ ബന്ധുക്കളെ നേരില്‍ കണ്ട് നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ നഷ്ടപരിഹാരം 80,000 റിയാലായി കുറയ്ക്കാന്‍ കുടുംബ തയ്യാറായി. രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. വീണ്ടും സ്വദേശി പ്രമുഖരുടെ ഇടപെടലുകള്‍ മൂലം 60,000 റിയാലായി കുറയ്ക്കാന്‍ കുടുംബം തയ്യാറായി.

പ്രദേശത്തെ ഒരു സൗദി പൗരന്‍ ഇതില്‍ 45,000 റിയാല്‍ നല്‍കിയതാണ് വഴിത്തിരിവായത്. നൗഫലിന്റെ സഹോദരി ഭര്‍ത്താവും സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗവും ബാക്കി തുകയായ 15,000 റിയാല്‍ കണ്ടെത്തുകയും അത് കുടുംബത്തിന് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയുമായിരുന്നു. കേസിന്റെ ഒത്തുതീര്‍പ്പ് നടപടികള്‍ക്ക് ശൈഖ് മുബാറക് ഇബ്രാഹിം ദോസരി നേതൃത്വം നല്‍കി. സോഷ്യല്‍ ഫോറം വാദിദവാസിര്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ തിരുനാവായ, സെക്രട്ടറി സൈഫുദ്ദീന്‍ ആലുവ, താജുദ്ദീന്‍ അഞ്ചല്‍, സൈഫുദ്ദീന്‍ കണ്ണൂര്‍ എന്നിവര്‍ നിയമ സഹായത്തിനും മറ്റു നടപടികള്‍ക്കുമായി രംഗത്തുണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ തൊഴിലാളി ക്യാമ്പിൽ ആക്രമണം, പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ
കൈറ്റ് ബീച്ചിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ, 90 ഇ-സ്കൂട്ടർ റൈഡർമാർക്കെതിരെ നടപടിയെടുത്ത് ദുബൈ പൊലീസ്