പ്രവാസി മലയാളി ഉറുമ്പ് കടിയേറ്റ് മരിച്ചു

By Web TeamFirst Published May 20, 2020, 7:35 PM IST
Highlights

അലര്‍ജിയുടെ പ്രശ്‌നം കൂടിയുള്ളതിനാല്‍ ഉറുമ്പ് കടിയേറ്റ ഉടനെ ശ്വാസം മുട്ടുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

റിയാദ്:- കറുത്ത വലിയ ഉറുമ്പിന്റെ കടിയേറ്റ് മലയാളി  സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. റിയാദ് ബഗ്ലഫില്‍ മിഠായി കട നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പള്ളിയുടെമകത്തില്‍ എം. നിസാമുദ്ദീന്‍ (45) ആണ് മരിച്ചത്.  ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ റിയാദ് ഖുറൈസ് റോഡിലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

കുടുംബസമേതം ബഗ്ലഫില്‍ താമസിക്കുന്ന നിസാമുദ്ദീന് പുലര്‍ച്ചെ 2.30ഓടെ ഫ്ലാറ്റില്‍ നിന്നാണ് ഉറുമ്പ് കടിയേറ്റത്. അലര്‍ജിയുടെ പ്രശ്‌നം കൂടിയുള്ളതിനാല്‍ ഉറുമ്പ് കടിയേറ്റ ഉടനെ ശ്വാസം മുട്ടുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.

24 വര്‍ഷമായി റിയാദിലുണ്ട്. മുഹമ്മദ് കുഞ്ഞ്- ഫാത്തിമാ കുഞ്ഞ് ദമ്പതികളുടെ മകനാണ്. ഭാര്യ: റസീന. മക്കള്‍: റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് അമീന്‍ (10-ാം ക്ലാസ്), ആദില്‍ അദ്‌നാന്‍ (നാലാം ക്ലാസ്). സഹോദരങ്ങള്‍: ലത്വീഫ്, മുസ്ത, സുലൈഖ, റൈഹാനത്ത്, താഹിറ, ഷംല. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് നേതൃത്വം നല്‍കുന്നു.

കാണാതായ പ്രവാസി വനിതയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

 

click me!