
റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരില്‍ സൗദിയെ അപകീര്‍ത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഖഷോഗിയുടെ മകന്‍ സലാഹ് ഖഷോഗി. കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഭവം വീണ്ടും ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് ഖഷോഗിയുടെ മകന്‍ സൗദിക്ക് അനുകൂലമായി രംഗത്തെത്തിയത്.
ഖഷോഗി വധവും ഖഷോഗിയുടെ ചരമ വാര്‍ഷികവും സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. രാജ്യത്തിനും ഭരണാധികാരികള്‍ക്കുമെതിരെ ലോകമെമ്പാടുമുള്ള ശത്രുക്കളും എതിരാളികളും ഖഷോഗി കേസ് ദുരുപയോഗം ചെയ്യാന്‍ നിരന്തരം ശ്രമിച്ചുവെന്നും സലാഹ് ഖഷോഗി പറഞ്ഞു. നീചമായ കൊലപാതകം നടത്തിയവരെ രാജ്യത്തെ നീതിന്യായ സംവിധാനം തന്നെ നിയമത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ഖഷോഗിയെപ്പോലെ തന്നെ താനും രാജ്യത്തോടും ഭരണാധികാരികളോടും ആത്മാര്‍ത്ഥതയും കൂറും കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് ജമാല്‍ ഖഷോഗി, തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടത്. ഖഷോഗിയെ കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടെന്ന ആരോപണം കള്ളമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സൗദിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം, സര്‍ക്കാറിന്റെ ഉപമേധാവിയായ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam