കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി വിപണിയില്‍ നിന്ന് നീക്കം ചെയ്ത് സൗദി, മുന്നറിയിപ്പുമായി ഒമാന്‍

Published : Apr 09, 2022, 11:02 PM ISTUpdated : Apr 09, 2022, 11:23 PM IST
കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി വിപണിയില്‍ നിന്ന് നീക്കം ചെയ്ത് സൗദി, മുന്നറിയിപ്പുമായി ഒമാന്‍

Synopsis

കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്കലേറ്റ് വിപണിയില്‍ ലഭ്യമല്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി എസ്എഫ്ഡിഎ അറിയിച്ചു. 2022 ഒക്ടോബര്‍ ഒന്ന് വരെ കാലാവധിയുള്ള L004L03 ,  L005L03-AD ഈ ബാച്ച് നമ്പറുകളുള്ള ഉല്‍പ്പന്നം ഉപഭോക്താക്കള്‍ വാങ്ങരുതെന്നും മുമ്പ് വാങ്ങിയവരുടെ കൈവശം ഉണ്ടെങ്കില്‍ അത് നശിപ്പിച്ച് കളയണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

റിയാദ്: ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്കലേറ്റിന്റെ ഉപയോഗത്തിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. കിന്‍ഡര്‍ ചോക്കലേറ്റിന്റെ ഒരു ഉല്‍പ്പന്നത്തിന്റെ ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിച്ച ചില ബാച്ചുകളില്‍ സാല്‍മൊണെല്ല ബാക്ടീരിയ സാന്നിധ്യം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് എസ്എഫ്ഡിഎ മുന്നറിയിപ്പ് പുറത്തുവിട്ടത്. 

കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി ചോക്കലേറ്റ് വിപണിയില്‍ ലഭ്യമല്ലെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി എസ്എഫ്ഡിഎ അറിയിച്ചു. 2022 ഒക്ടോബര്‍ ഒന്ന് വരെ കാലാവധിയുള്ള L004L03 ,  L005L03-AD ഈ ബാച്ച് നമ്പറുകളുള്ള ഉല്‍പ്പന്നം ഉപഭോക്താക്കള്‍ വാങ്ങരുതെന്നും മുമ്പ് വാങ്ങിയവരുടെ കൈവശം ഉണ്ടെങ്കില്‍ അത് നശിപ്പിച്ച് കളയണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സിയില്‍ സാല്‍മൊണെല്ല സാന്നിധ്യം ഉണ്ടായേക്കാമെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ക്വാളിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കി. ഈ പ്രത്യേക ബാച്ചില്‍പ്പെട്ട ഉല്‍പ്പന്നം വിപണിയില്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്കതമാക്കി. ഈ ബാച്ചിലെ ഉല്‍പ്പന്നം ഉപയോഗിക്കരുതെന്നും കൈവശമുണ്ടെങ്കില്‍ നശിപ്പിച്ച് കളയണമെന്നും സെന്റര്‍ അറിയിച്ചു.

അബുദാബി: സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിക്കുന്നതായി ചോക്കലേറ്റിന്റെ നിര്‍മ്മാതാക്കളായ ഫെററോ. കിന്‍ഡര്‍ ചോക്കലേറ്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയ സാന്നിധ്യം സംശയിക്കുന്നത്. എന്നാല്‍ യുഎഇയിലും ഗള്‍ഫ് മേഖലയിലുമുള്ള കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റുകളില്‍ സാല്‍മൊണെല്ല പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി ഉറപ്പാക്കി. ഫെററോ എന്ന ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിക്കുന്ന ചോക്ലേറ്റാണ് കിന്റര്‍ സര്‍പ്രൈസ്. 

'ഫെററോയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിച്ച കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ല സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതായി യൂറോപ്പില്‍ നിന്നും വരുന്ന വാര്‍ത്തകളെ കണക്കിലെടുത്ത്, ജിസിസിയിലെ ഒരു ഉല്‍പ്പന്നത്തിലും സാല്‍മൊണെല്ല സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജിസിസിയിലെ ഉപഭോക്താക്കള്‍ക്ക് ഫെററോ ഗള്‍ഫ് വീണ്ടും ഉറപ്പു നല്‍കുന്നു'- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഫെററോ, എട്ട് ഫാക്ടറികളില്‍ നിര്‍മ്മിച്ച് ജിസിസിയില്‍ വിതരണം ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും ഒരെണ്ണം മാത്രമാണ് ബെല്‍ജിയത്തിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്- ഇത് ലാര്‍ജ് കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി 100 ജിആര്‍ എന്ന ഉല്‍പ്പന്നമാണ്. 'മുന്‍കരുതല്‍ നപടിയെന്ന രീതിയില്‍, ഫെററോ ഗള്‍ഫ് ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി 100 ജിആര്‍ ഉല്‍പ്പന്നത്തിന്റെ 2022 ഒക്ടോബര്‍ 1 വരെ കാലാവധിയുള്ള പ്രത്യേക ബാച്ചുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേക ബാച്ചുകള്‍ പിന്‍വലിക്കുന്നത്'- കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. 

കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളുള്‍പ്പെടെ ഫെററോയുടെ മറ്റ്  ഉല്‍പ്പന്നങ്ങളെയൊന്നും ഈ തീരുമാനം ബാധിച്ചിട്ടില്ല. പിന്‍വലിച്ച ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമല്ലെന്ന് ഉറപ്പാക്കാനായി റീട്ടെയ്‌ലര്‍മാരുമായി ബന്ധപ്പെടുകയാണെന്നും ഈ പ്രത്യേക ഉല്‍പ്പന്നം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് ഉപയോഗിക്കരുതെന്നും ഫെററോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വായുമർദ്ദം കുറഞ്ഞു; എമർജൻസി കോഡ് അയച്ച് പൈലറ്റ്, വിമാനം അടിയന്തരമായി തിരിച്ചിറക്കി
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ഗൾഫിലേക്ക് സർവീസുകൾ; നാൽപ്പതിലധികം പുതിയ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്