901 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്റൈന്‍ ഭരണാധികാരിയുടെ ഉത്തരവ്

By Web TeamFirst Published Mar 14, 2020, 5:05 PM IST
Highlights

ബഹ്റൈനിന്റെ ഭരണപരിഷ്കാര നടപടികളിലെ പ്രധാന നാഴികക്കല്ലാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറ്റവാളികളെ ജയിലിലടയ്ക്കുന്നതിന് പകരം ക്രിയാത്മകമായ മറ്റ് തരത്തിലുള്ള ശിക്ഷകള്‍ നല്‍കുന്ന സംവിധാനം രാജ്യത്ത് നടപ്പാക്കി വരികയാണ്. 

മനാമ: ബഹ്റൈനില്‍ 901 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഉത്തരവിട്ടു. ഇതോടൊപ്പം പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 585 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും പരിശീലന പദ്ധതികളില്‍ പങ്കെടുപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. സ്ത്രീകളും യുവാക്കളും പ്രത്യേക പരിഗണന ആവശ്യമായ രോഗികളും മോചിപ്പിക്കപ്പെടുന്നവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബഹ്റൈനിന്റെ ഭരണപരിഷ്കാര നടപടികളിലെ പ്രധാന നാഴികക്കല്ലാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറ്റവാളികളെ ജയിലിലടയ്ക്കുന്നതിന് പകരം ക്രിയാത്മകമായ മറ്റ് തരത്തിലുള്ള ശിക്ഷകള്‍ നല്‍കുന്ന സംവിധാനം രാജ്യത്ത് നടപ്പാക്കി വരികയാണ്. മനുഷ്യാവകാശ സംഘടനകളും വിവിധ മേഖലകളിലുള്ള പ്രമുഖരും ശൈഖ് ഹമദിന്റെ തീരുമാനത്തെ പ്രശംസിച്ചു. ജനങ്ങള്‍ക്ക് അവരുടെ തെറ്റുകള്‍ തിരുത്താനും രാജ്യത്തിനും സമൂഹത്തിനും ഗുണകരമായ മാറ്റമുണ്ടാക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും അവര്‍ പ്രതികരിച്ചു. സമാന്തര ശിക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കൂടുതല്‍ പദ്ധതികള്‍ ബഹ്റൈന്‍ അധികൃതര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

click me!