കനിവിനായി കാത്ത മുഅ്മിനയ്ക്കും മക്കൾക്കും ആശ്വാസം: കൈത്താങ്ങാകാൻ പ്രവാസി സാമൂഹിക പ്രവർത്തകർ

By Web TeamFirst Published Oct 12, 2021, 10:45 PM IST
Highlights

പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിയായ മജീദാണ്​ സോമാലിയൻ യുവതി മുഅ്മിനയെയും ഏഴ്‌ മക്കളെയും അനാഥമാക്കി 12 വര്‍ഷം മുമ്പ് നാട്ടിലേക്ക്​ മുങ്ങിയത്​. 

റിയാദ്​: മലയാളിയായ ഭർത്താവ്​ ഉപേക്ഷിച്ചുപോയത് മൂലം ഏഴ് കുട്ടികളുമായി സൗദി അറേബ്യയിലെ ജിദ്ദയിൽ കണ്ണീരിൽ കഴിയുന്ന സോമാലിയക്കാരി മുഅ്‍മിനയെ സഹായിക്കാൻ മലയാളി സാമൂഹിക പ്രവർത്തകർ രംഗത്ത്​. ജിദ്ദയിലെ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തകരാണ് നിരാലംബ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടു വന്നത്​. 

പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിയായ മജീദാണ്​ സോമാലിയൻ യുവതി മുഅ്മിനയെയും ഏഴ്‌ മക്കളെയും അനാഥമാക്കി 12 വര്‍ഷം മുമ്പ് നാട്ടിലേക്ക്​ മുങ്ങിയത്​. ജിദ്ദയിലെ ബഗ്ദാദിയ സ്‍ട്രീറ്റിൽ ഒരു പഴയ കെട്ടിടത്തിലാണ് മുഅ്മിനയും ഏഴുമക്കളിൽ ആറു മക്കളും രണ്ടു പേരക്കുട്ടികളും ജീവിക്കുന്നത്. ഒരു മകൻ മുഅ്മിനയുടെ ജന്മനാടായ സോമാലിയയിലാണ്. 12 വർഷം മുമ്പ് റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയ മജീദ് പിന്നെ മടങ്ങിയെത്തിയില്ല. മജീദ് നാട്ടിലെത്തിയ ശേഷമാണ് മുഅ്മിന വിവരം അറിഞ്ഞത്.

ഭര്‍ത്താവ് തിരികെ വരുമെന്ന വിശ്വാസത്തിലായിരുന്നു അന്നു മുതല്‍ മുഅ്‍മിന ജീവിച്ചത്. മജീദ് പോയ ശേഷം മകള്‍ ഹാജറ പിറന്നു. അവളുടെ കണ്ണിന് കാഴ്ച മങ്ങുന്ന അസുഖവുമുണ്ട്. ഹാജറയ്‌ക്കൊപ്പം ഹയാത്ത്, ഫൈസല്‍, ഫവാസ്, ഹനാന്‍, ഫഹദ്, ഹൈഫ എന്നീ സഹോദരങ്ങളും പിതാവ് ജീവിച്ചിരിക്കെത്തന്നെ അനാഥത്വത്തിന്റെ വേദനകളും പേറി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഫവാസ് ഒഴികെ ബാക്കി എല്ലാവരും ജിദ്ദ ബഗ്ദാദിയയിലെ ഇടിഞ്ഞുപൊളിയാറായ വീട്ടിലാണ് താമസിക്കുന്നത്. എങ്ങനെയോ സൊമാലിയയില്‍ എത്തിയ ഫവാസ് മുഅ്മിനയുടെ അകന്ന ബന്ധുക്കള്‍ക്കൊപ്പമാണ് താമസം.

ജനന സര്‍ട്ടിഫിക്കറ്റുകളും ഇഖാമയും ഉള്‍പ്പെടെ രാജ്യത്തെ ഒരു രേഖകളും മുഅ്‍മിനയുടെ മക്കള്‍ക്കില്ല. രേഖകളില്ലാതെ ജീവിക്കുന്നതിനാല്‍ ഏത് നിമിഷവും നിയമനടപടികള്‍ ഉണ്ടായേക്കുമെന്ന ഭീതിയിലുമാണ്. പിടിക്കപ്പെട്ടാല്‍ സൗദിയില്‍ നിന്ന് നാടുകടത്തപ്പെട്ടേക്കാം. ഒരിക്കല്‍ മകന്‍ ഫൈസല്‍ പൊലീസിന്റെ പിടിയില്‍പ്പെട്ട് യെമനിലേക്ക് നാടുകടത്തപ്പെട്ടിരുന്നു. വളരെയധികം പണിപ്പെട്ടാണ് തിരികെ സൗദിയിലെത്താന്‍ സാധിച്ചത്. രേഖകളില്ലാത്തതിനാല്‍ മക്കള്‍ക്ക് എവിടെയും ജോലി ചെയ്യാനും കഴിയില്ല.

വീട്ടില്‍ നിന്ന് പലഹാരമുണ്ടാക്കി റോഡരികില്‍ വില്‍പ്പന നടത്തിയാണ് മുഅ്മിന മക്കളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ ഒരു അപകടത്തില്‍ കാലിന് പരിക്കേറ്റ മുഅ്മിനയ്ക്ക് പിന്നീട് ആ ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെ മൂത്ത മകള്‍ ഹയാത്തിനെ ഒരു സൊമാലിയന്‍ പൗരന്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം വേര്‍പിരിയേണ്ടി വന്നു. രണ്ടു പേരക്കുട്ടികളും ഇന്ന് മുഅ്മിനയ്‌ക്കൊപ്പമാണ്. മകള്‍ ഹനാന്‍ ഒരു വീട്ടില്‍ ജോലിക്ക് പോകുന്നുണ്ട്. അവിടെ നിന്നും ലഭിക്കുന്ന 700 റിയാലാണ് ഇന്ന് ഈ കുടുംബത്തിന്റെ ഏക വരുമാനം.

Read also: മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 12 വര്‍ഷം; ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍, നിസ്സഹായയായി ഒരമ്മ

വീടിന്റെ വാടകയ്ക്കും മറ്റു ചെലവുകൾക്കും കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. ഇതറിഞ്ഞാണ് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി നേതാക്കൾ അവരുടെ വീട്‌ സന്ദർശിക്കുകയും സാന്ത്വനിപ്പിക്കുകയും സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്‍തത്. മറ്റ്‌ കാര്യങ്ങൾ വിശദമായി അന്വേഷിച്ച്‌ വേണ്ടത്‌ ചെയ്യാമെന്ന ഉറപ്പ്‌ നൽകിയിട്ടുമുണ്ട്​. ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് മുഹമ്മദാലി ടി.എൻ. പുരം, സെക്രട്ടറി അഷ്‌റഫ്‌ താഴെക്കോട്‌, സീനിയർ വൈസ്‌ പ്രസിഡൻറ് മുസ്തഫ കോഴിശ്ശേരി, ഓർഗനൈസിങ്​ സെക്രട്ടറി വാപ്പുട്ടി വട്ടപറമ്പിൽ, അബു കട്ടുപ്പാറ, നാസർ പാക്കത്ത്‌, മുഹമ്മദ്‌ അലി മുസ്​ലിയാർ, ലത്തീഫ് കാപ്പുങ്ങൽ, മുഹമ്മദ്‌ കിഴിശ്ശീരി, മുജീബ്‌ പുളിക്കാടൻ, നാസർ ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

click me!