ദേശീയ ദിനം ആഘോഷിച്ച് ഖത്തർ. പ്രവാസികളും ദേശീയ ദിനാഘോഷങ്ങളില്‍ സജീവമായി പങ്കുചേരുന്നുണ്ട്. രാജ്യത്ത് പൊതു അവധിയാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാവും അടുത്ത പ്രവൃത്തി ദിനം തുടങ്ങുക.
ദോഹ: ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ. രാജ്യത്ത് വിപുലമായ ആഘോഷങ്ങളാണ് ദേശീയ ദിനത്തോട് അനുബന്ധിച്ച് നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യമെമ്പാടുമുള്ള പ്രധാന കേന്ദ്രങ്ങളിലും റോഡുകളിലും അലങ്കാര ലൈറ്റുകള്‍ തെളിഞ്ഞിരുന്നു. പ്രവാസികളും ദേശീയ ദിനാഘോഷങ്ങളില്‍ സജീവമായി പങ്കുചേരുന്നുണ്ട്. രാജ്യത്ത് പൊതു അവധിയാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാവും അടുത്ത പ്രവൃത്തി ദിനം തുടങ്ങുക.
മൂന്ന് വർഷങ്ങൾക്കു ശേഷം നടക്കുന്ന ദേശീയദിന പരേഡ് കോർണിഷിൽ ഇന്ന് രാവിലെ ഒമ്പതിന് ആരംഭിക്കും. പൊതുജനങ്ങൾക്കായി പ്രവേശന കവാടങ്ങൾ രാവിലെ അഞ്ചിന് തുറന്ന് 7.30ഓടെ ഗേറ്റ് അടക്കുമെന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. ഗാസയിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ, പ്രാദേശിക വെല്ലുവിളികളും ആഗോള പ്രതിസന്ധികളും കണക്കിലെടുത്തായിരുന്നു കഴിഞ്ഞ മൂന്നു വർഷവും ദേശീയ ദിന പരേഡ് ഒഴിവാക്കിയത്. ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യമായ 'രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നര്‍ത്ഥം വരുന്ന അറബി വാചകമായ 'ബികും തഅ്‌ലൂ വ മിന്‍കും തന്‍ളുര്‍'എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുന്ന പരേഡ്, ഭരണനേതൃത്വത്തിനും ജനങ്ങൾക്കുമിടയിലെ ഐക്യം, അഭിമാനം, ദേശീയ മൂല്യങ്ങൾ എന്നിവയുടെ പ്രതിഫലനമായിരിക്കും.
ദർബൽ സായിയിലായിരിക്കും പ്രധാന ആഘോഷപരിപാടികൾ നടക്കുക. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന്റെ ഫൈനൽ മത്സരം കൂടി ദേശീയ ദിനത്തിൽ നടക്കുന്നത് ദേശീയ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. 2022 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയായ ലുസൈൽ സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെയും ഫൈനൽ നടക്കുക. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദര്‍ബ് അല്‍ സായിയില്‍ 11 ദിവസത്തെ സാംസ്കാരിക വിരുന്നാണ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 20 വരെ ആഘോഷ പരിപാടികള്‍ നീണ്ടുനില്‍ക്കും. എല്ലാ ദിവസവും ഉച്ചക്ക് 3 മണി മുതല്‍ രാത്രി 11 മണി വരെയാണ് ദര്‍ബ് അല്‍ സായി പൊതുജനങ്ങൾക്കായി തുറക്കുക.


