കോഴിക്കോടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നശേഷം തിരിച്ചിറക്കി

By Web TeamFirst Published Jan 28, 2023, 5:33 PM IST
Highlights

അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പുറപ്പെട്ടവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ യാത്രക്കാരിലുണ്ടായിരുന്നു. ഏതാനും ദിവസത്തെ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോയി ഉടനെ തിരികെ വരാന്‍ പദ്ധതിയിട്ടിരുന്നവരും വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. നാട്ടിലേക്ക് കൊണ്ടുപോയ ഒരു മൃതദേഹവും മരിച്ചയാളുടെ ബന്ധുക്കളും ഈ വിമാനത്തിലുണ്ടായിരുന്നു.

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. ഇന്നലെ രാത്രി 11.45ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എഐ 998 വിമാനമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റി. വിമാനം പുറപ്പെടുമ്പോള്‍ തന്നെ അസാധാരണമായ ശബ്‍ദമുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

യാത്ര പുറപ്പെട്ട് ഏതാണ്ട് ഒരു മണിക്കൂറോളം ആയപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാറുള്ള വിവരം പൈലറ്റ് യാത്രക്കാരെ അറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം ലാന്റ് ചെയ്യുകയും ചെയ്‍തു. അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പുറപ്പെട്ടവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ യാത്രക്കാരിലുണ്ടായിരുന്നു. ഏതാനും ദിവസത്തെ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോയി ഉടനെ തിരികെ വരാന്‍ പദ്ധതിയിട്ടിരുന്നവരും വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. നാട്ടിലേക്ക് കൊണ്ടുപോയ ഒരു മൃതദേഹവും മരിച്ചയാളുടെ ബന്ധുക്കളും ഈ വിമാനത്തിലുണ്ടായിരുന്നു.

യാത്ര മുടങ്ങി ദുരിതത്തിലായ യാത്രക്കാര്‍ക്ക് രാവിലെ വരെ ഭക്ഷണം നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല. യുഎഇയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പലരും വളരെ നേരത്തെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അടുത്തുള്ള ഹോട്ടലുകളില്‍ ഒഴിവില്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞതെന്ന് യാത്രക്കാര്‍ അറിയിച്ചു. മൃതദേഹം മറ്റ് വിമാനത്തില്‍ അയക്കുന്നതിന് സാങ്കേതിക തടസമുണ്ടെന്നും പറ‍ഞ്ഞു.

രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എന്തായാലും ആ സമയം കഴിയാതെ നാട്ടിലെത്തില്ലെന്ന് ഉറപ്പായതോടെ ദീര്‍ഘനേരം വിമാനത്താവളത്തില്‍ ഇരിക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും നല്‍കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും മറ്റ് വിമാനങ്ങളില്‍ ഈ സമയം ടിക്കറ്റ് തരപ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നതിനാല്‍ പലര്‍ക്കും അത് സാധ്യമല്ല. വിമാനത്താവളത്തിന് അടുത്ത് താമസ സ്ഥലമുള്ളവര്‍ക്ക് താമസ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ ടാക്സി ചാര്‍ജ് നല്‍കാമെന്നും വിമാനം പുറപ്പെടാന്‍ സമയത്ത് ഫോണില്‍ അറിയിക്കാമെന്നും അധികൃതര്‍ പറഞ്ഞതായി യാത്രക്കാര്‍ അറിയിച്ചു. 

Read also:  പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

click me!