ഇറാനില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി വത്സല നാലു മാസത്തിന് ശേഷം നാട്ടിലേക്ക്

By Web TeamFirst Published Jun 25, 2020, 12:16 AM IST
Highlights

ഇറാനിലെ കിഷ് ദ്വീപിൽ നിന്നും നാല് ദിവസത്തിനകം മടങ്ങി വരുന്നതിനിടയിലാണ് കൊവിഡ് രോഗ വ്യാപനം മൂലം വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.

ടെഹ്റാന്‍: കൊവിഡ് പ്രതിസന്ധി മൂലം ഇറാനില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി വത്സല നാലു മാസത്തിന് ശേഷം നാട്ടിലേക്ക്. വിസ മാറ്റുന്നതിനായി ഒമാനിലെ മസ്കറ്റിൽ നിന്നും കിഷിലേക്കു പോയപ്പോഴാണ് കൊവിഡ് വ്യാപിച്ച് വത്സല കുടുങ്ങിയത്.

സമുദ്ര സേതു രക്ഷാ ദൗത്യത്തിന്റെ ഭാഗമായുള്ള നാവിക സേനയുടെ ഐ.എന്‍.എസ് ജലാശ്വയിൽ കോഴിക്കോട് സ്വദേശിനി " വത്സല" നാളെ തൂത്തുക്കുടിയിലേക്ക് തിരിക്കും. ഗാർഹിക തൊഴിലിനായി ഒരു മാസത്തെ സന്ദര്‍ശക വിസയിൽ ജനുവരി 26നാണ് വത്സല ഒമാനിലെത്തിയത്.

തൊഴിൽ വിസയിലേക്കു മാറുന്നതിനു സ്പോൺസറായ ഒമാൻ സ്വദേശി, വത്സലയെ ഫെബ്രുവരി 22 ന‌് ഇറാനിലെ കിഷ് ദ്വീപിലേക്ക് അയക്കുകയുണ്ടായി. ഇറാനിലെ കിഷ് ദ്വീപിൽ നിന്നും നാല് ദിവസത്തിനകം മടങ്ങി വരുന്നതിനിടയിലാണ് കൊവിഡ് രോഗ വ്യാപനം മൂലം വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.

വിസ മാറുന്നതിനു മസ്കറ്റിൽ നിന്നും ഇറാനിലെ ഒരു ഹോട്ടലിന്‍റെ വിസയിലെത്തിയതിനാൽ , താമസം നാല് മാസവും ഹോട്ടലിൽ തന്നെ തുടരേണ്ടതായി വന്നു. ഇതിനു വേണ്ട സാമ്പത്തിക സഹായം ഒമാൻ സ്വദേശിയും, മസ്കറ്റിൽ നിന്നുമുള്ള സാമൂഹ്യ പ്രവർത്തകരും കണ്ടെത്തുകയും ചെയ്തു.

ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെട്ടതോട്‌ കൂടിയാണ് കോഴിക്കോട് മൈലെല്ലാംപാറ സ്വദേശിനിയായ വത്സലയുടെ മടക്ക യാത്ര സാധ്യമായത്. വ്യാഴാഴ്ച  രാവിലെ പ്രാദേശിക സമയം 8 മണിക്ക് ഇറാനിലെ ബന്ദർ അബ്ബാസിൽ നിന്നും ഇന്ത്യൻ നാവിക സേനയുടെ കപ്പലിൽ  വത്സല തൂത്തുക്കുടിയി ലേക്ക് യാത്ര തിരിക്കും.

click me!