
മസ്‌കത്ത്: ഒ.ഐ.സി.സി (OICC) ഒമാന്‍ നാഷനല്‍ കമ്മിറ്റി പിരിച്ചുവിട്ട് കെ.പി.സി.സിയുടെ (KPCC) നടപടി. പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ (Ad-Hoc committee) നിയമിച്ചതായുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്‍ണന്റെ കത്ത് ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപിള്ള കുമ്പളത്തിന് ലഭിച്ചു. നിലവില്‍ സിദ്ദീഖ് ഹസന്‍ പ്രസിഡന്റായുള്ള കമ്മിറ്റി കഴിഞ്ഞ 11 വര്‍ഷത്തോളമായി ഒമാനില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
നിരവധി വിവാദങ്ങളും സംഘടനാ പ്രശ്‍നങ്ങളും കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍.ഒ ഉമ്മന്‍ നാല് വര്‍ഷം മുമ്പ് രാജിവെയ്‍ക്കുകയും ചെയ്‍തു. കോണ്‍ഗ്രസ് നേതൃത്വം നിരവധി തവണ നേരിട്ട് ഒമാനിലെത്തിയും പ്രത്യേകം ആളുകളെ നിയമിച്ചും പ്രശ്‍ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഗ്രൂപ്പ് തര്‍ക്കങ്ങളും മറ്റ് സംഘടനാ പ്രശ്നങ്ങളും തുടര്‍ന്നു.
ഇരു വിഭാഗങ്ങളിലായി തിരിഞ്ഞ് നിരവധി തവണ മാധ്യമങ്ങള്‍ വഴിയും സാമൂഹിക മാധ്യമങ്ങളിലും ഏറ്റുമുട്ടി. ഇതിനിടയില്‍ പലരെയും പുറത്താക്കുകയും തിരിച്ചെടുക്കുകയും ചെയ്‍തു. ചിലര്‍ രാജിവെച്ച് മറ്റ് സംഘടനകളില്‍ ചേര്‍ന്നു. മസ്‌കത്ത് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് (എം.പി.സി.സി) എന്ന പേരില്‍ കോണ്‍ഗ്രസ് അനുകൂലികളുടെ മറ്റൊരു കൂട്ടായ്‍മയും ഒമാനിൽ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കെ.പി.സി.സി അംഗീകൃത കൂട്ടായ്‍മ അല്ലെങ്കിലും ഒ.ഐ.സി.സിയില്‍ നിന്ന് രാജിവെച്ചവര്‍ എം.പി.സി.സിയില്‍ ചേര്‍ന്നിരുന്നു.
പുതിയ സാഹചര്യത്തില്‍ ഒ.ഐ.സി.സിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെയാണ് കെ.പി.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ സജി ഔസഫ് ആണ് അഡ്ഹോക് കമ്മിറ്റി കോര്‍ഓര്‍ഡിനേറ്റര്‍. എസ്. പുരഷോത്തമന്‍ നായര്‍, ഹൈദ്രോസ് പുതുവന, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കല്‍, എം.ജെ സലീം, ബനീഷ് മുരളി എന്നിവരാണ് മറ്റംഗങ്ങള്‍. പുതിയ കമ്മിറ്റി വരുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ഭരണ ചുമതല.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏകോപനത്തിനായി ശ്രമങ്ങള്‍ നടത്തുമെന്നും അഡ്ഹോക് കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും കോര്‍ഓര്‍ഡിനേറ്റര്‍ സജി ഔസഫ് പറഞ്ഞു. മൂന്നു വര്‍ഷത്തേക്കായിരുന്നു മുന്‍ കമ്മിറ്റിയെ കെ.പി.സി.സി പ്രഖ്യാപിച്ചിരുന്നതെങ്കിലും പല കാരണങ്ങളാല്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് നീണ്ടുപോകുകയായിരുന്നുവെന്നും സജി ഔസഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ