ദുബൈയിലെ വിദേശ നിക്ഷേപകര്‍ അറിയേണ്ടതെല്ലാം; സമഗ്ര വിവരങ്ങളടങ്ങിയ കൈപുസ്‍തകത്തിന്റെ ഏഴാം പതിപ്പ് പുറത്തിറക്കി

By Web TeamFirst Published Jan 29, 2022, 5:30 PM IST
Highlights

ദുബൈ മെയിന്‍ലാന്റിലും ഫ്രീസോണുകളിലും കമ്പനികള്‍ രൂപീകരിക്കാനുള്ള നടപടിക്രമങ്ങള്‍ മുതല്‍ പുതിയ താമസ, നിക്ഷേപ നിയമ ഭേദഗതികള്‍ സാമ്പത്തിക രംഗത്തെ സുപ്രധാന തീരുമാനങ്ങള്‍  എന്നിവ ഉള്‍പ്പെടെ നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ബിസിനസ്‍ അഡ്വൈസറി ആന്റ കണ്‍സള്‍ട്ടിങ് സ്ഥാപനമായ 'ക്രെസ്റ്റന്‍ മേനോന്റെ'  'ടൂയിങ് ബിസിനസ്‍ ഇന്‍ ദുബൈ' എന്ന പുസ്‍തകം.

ദുബൈ: ദുബൈയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവരെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‍തമാക്കുയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ 'ടൂയിങ് ബിസിനസ്‍ ഇന്‍ ദുബൈ' എന്ന പുസ്‍തകത്തിന്റെ ഏഴാമത് പതിപ്പ് പുറത്തിറക്കി.  ബിസിനസ്‍ അഡ്വൈസറി ആന്റ കണ്‍സള്‍ട്ടിങ് സ്ഥാപനമായ 'ക്രെസ്റ്റന്‍ മേനോന്റെ' നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയായ ഈ പുസ്‍കത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് പ്രകാശനം ചെയ്‍തത്. ക്രെസ്റ്റന്‍ മേനോന്‍ ചെയര്‍മാനും മാനേജിങ് പാര്‍ട്ണറുമായ രാജു മേനോന്‍, സീനിയര്‍ പാര്‍ട്ണറും കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവനുമായ സുധീര്‍ കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശന ചടങ്ങ്.

ദുബൈ മെയിന്‍ലാന്റിലും ഫ്രീസോണുകളിലും കമ്പനികള്‍ രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ക്ക് പുറമെ ബിസിനസ് സംരംഭങ്ങള്‍ക്ക് ആവശ്യമായ ഓരോ മേഖലകളിലുമുള്ള ചെലവുകള്‍, പ്രത്യാഘാതങ്ങള്‍, പ്രയോജനങ്ങള്‍ എന്നിവയെല്ലാം പുസ്‍കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

രാജ്യത്തേക്ക് വിദേശനിക്ഷേപത്തിന്റെ കുത്തൊഴുക്കിന് തന്നെ കാരണമായി മാറിയ യുഎഇ ഭരണകൂടത്തിന്റെ പുതിയ താമസ, നിക്ഷേപ നിയമ ഭേദഗതികള്‍ സാമ്പത്തിക രംഗത്തെ സുപ്രധാന തീരുമാനങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം ആഴത്തിലുള്ള അറിവ് പകരുന്നതാണ് ഈ കൈപുസ്‍തകം.

ദുബൈയിലെ മത്സരാധിഷ്‍ഠിതമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെയും 'ടൂയിങ് ബിസിനസ് ഇന്‍ ദുബൈ' പരിചയപ്പെടുത്തുന്നു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നവീനമായ ആശയങ്ങളും സ്ഥിരോത്സാഹവുമുള്ള ചെറുപ്പക്കാര്‍ക്ക് വഴികാട്ടി കൂടിയാണിത്. ദുബൈയില്‍ ലഭ്യമായ  സ്റ്റാര്‍ട്ടപ്പ് സഹായ സംരംഭങ്ങള്‍, ബിസിനസ്‍ ഇന്‍കുബേഷന്‍, ആക്സിലറേഷന്‍ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ (ഡി.ഐ.എഫ്.സി) നടപടിക്രമങ്ങള്‍, പ്രാദേശിക - ഇന്താരാഷ്‍ട്ര വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈവിദ്ധ്യമാര്‍ന്ന ഇന്‍വെസ്റ്റര്‍ പൂളിന്റെ പ്രയോജനം നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്ന നസ്‍ദഖ് ദുബൈ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും പുസ്‍തകത്തിലുണ്ട്,

ദുബൈയിലെ വിവിധ നിക്ഷേപ  സാധ്യതകളെക്കുറിച്ചും ദുബൈയില്‍ ലഭ്യമാവുന്ന വ്യത്യസ്തമായ സൗകര്യങ്ങളെക്കുറിച്ചും ആഗോള നിക്ഷേപകര്‍ക്ക് അവബോധം പകരാനും ഭാവി നിക്ഷേപ പദ്ധതികള്‍ രൂപം കൊടുക്കാന്‍ അവരെ സഹായിക്കാനും പുസ്‍തകത്തിന് സാധിക്കുമെന്ന് ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം തന്റെ മുഖവുരയില്‍ വ്യക്തമാക്കുന്നു. ദുബൈ ലക്ഷ്യം വെയ്‍ക്കുന്ന പുതിയ ആഗോള നിക്ഷേപത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്ന ഘടകമായി 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്‍' മാറുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

യുഎഇയിലെ ബിസിനസ് രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട പരിചയം പുസ്‍തകത്തിന്റെ ഉള്ളടക്കം ശ്രദ്ധാപൂര്‍വം ക്രമീകരിക്കുന്നതിന് ക്രെസ്റ്റന്‍ മേനോന് സഹായകമായി. അതിലുപരി പുസ്‍കത്തിന്റെ ഉള്ളടക്കം ദുബൈ ഇക്കണോമി വകുപ്പിലെ ബിസിനസ്‍ രജിസ്‍ട്രേഷന്‍ ആന്റ് ലൈസന്‍സിങ് (ബി.ആര്‍.എല്‍) വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്ന വസ്‍തുത അതിന് കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും നല്‍കുന്നുമുണ്ട്.

പുസ്‍കത്തിന്റെ 30,000 കോംപ്ലിമെന്ററി കോപ്പികള്‍ പ്രധാന ബാങ്കുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‍സ്, നയതന്ത്ര കാര്യാലയങ്ങള്‍, വ്യാപാര സംഘടനകള്‍, യുഎഇ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന നിക്ഷേപ സംഗമങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വിതരണം ചെയ്യും. പുസ്‍തകം ഓണ്‍ലൈനിലും ലഭ്യമാണ്.

click me!