കേരളീയകലകൾ കൊണ്ടാടുന്നതിൽ മുന്നിൽ നിൽക്കുന്നത് പ്രവാസി മലയാളികളെന്ന് പെരുവനം കുട്ടന്‍ മാരാർ

By Web TeamFirst Published Dec 13, 2019, 9:28 PM IST
Highlights

തൃശൂർ ജില്ല പ്രവാസി കൂട്ടായ്മയുടെ വാർഷികാഘോഷത്തിൽ പാണ്ടിമേളവും തായമ്പകയും അവതരിപ്പിക്കാനാണ് പത്മശ്രീ ജേതാവായ പെരുവനം കുട്ടന്മാരാർ റിയാദിലെത്തിയത്.

റിയാദ്: കേരളത്തിന്‍റെ തനത് വാദ്യം ചെണ്ട ഉതിർക്കുന്ന ശബ്ദത്തിന്‍റെ പ്രത്യേകത തിരിച്ചറിഞ്ഞ സൗണ്ട് എൻജിനീയറാണ് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെന്ന് പ്രശസ്ത ചെണ്ട വിദ്വാനും തൃശൂർ പൂരം മേള പ്രമാണിയുമായ പത്മശ്രീ  കുട്ടന്‍ മാരാർ. അദ്ദേഹം ഇലഞ്ഞിത്തറ മേളം സിനിമയാക്കി. ജനുവരിയിൽ പുറത്തുവരുന്ന ആ സിനിമ ചെണ്ടമേളത്തിന്‍റെ ശബ്ദ പ്രത്യേകതയെ ലോകത്തിന്‍റെ ശ്രദ്ധയിലെത്തിക്കുമെന്നും തൃശൂർ ജില്ലാ പ്രവാസി കൂട്ടായ്മയുടെ പതിനാലാം വാർഷികാഘോഷത്തിൽ ചെണ്ടമേളം അവതരിപ്പിക്കാൻ റിയാദിലെത്തിയ കുട്ടന്മാരാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനത് കേരളീയകലകൾ കൊണ്ടാടുന്നതിൽ ഇന്ന് മുന്നിൽ നിൽക്കുന്നത് ലോകത്തെങ്ങുമുള്ള പ്രവാസി മലയാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടൻകലകൾ, ക്ഷേത്രകലകൾ, ശാസ്ത്രീയ കലകൾ തുടങ്ങിയ തനത് കേരളീയ കലകളും മലയാളികളെ സംബന്ധിച്ചിടത്തോളം പൈതൃകമായി സ്വായത്തമായ അനുഭവമാണ്. പ്രവാസിയാകുമ്പോൾ അത് ഗൃഹാതുരമായി മാറുന്നു. നഷ്ടപ്പെട്ടത് വീണ്ടുകിട്ടുമ്പോഴുണ്ടാകുന്ന ഒരുതരം ആവേശമാണ് പ്രവാസികളുടെ തീവ്രമായ ഈ അഭിനിവേശത്തിന് കാരണം. 

കിട്ടാത്തത് അടുത്ത് കിട്ടുമ്പോൾ ആസ്വാദനത്തിന് ഇമ്പവും അനുഭവത്തിന് തീവ്രതയും കൂടുന്നു. പല രാജ്യങ്ങളിലും പരിപാടി അവതരിപ്പിക്കാനായിട്ടുണ്ട്. അവിടങ്ങളിലെല്ലാമുള്ള പ്രവാസികൾ വലിയ സ്നേഹവും ആവേശവുമാണ് കാട്ടിയിട്ടുള്ളത്. സൗദി അറേബ്യ ഒഴികെ ബാക്കിയെല്ലാ ഗൾഫ് രാജ്യങ്ങളിലും നിരവധി തവണ പോയി കൊട്ടിയിട്ടുണ്ട്. ദുബൈയിൽ ആറുപത് പേർ പെങ്കടുത്ത ഇലഞ്ഞിത്തറമേളം വരെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സൗദി അറേബ്യയിൽ ഇതാദ്യമായാണ് വരുന്നത്. വളരെ സന്തോഷം തോന്നുന്നു. 

റിയാദിൽ പാണ്ടിമേളവും തായമ്പകയുമാണ് അവതരിപ്പിക്കുന്നത്. 43 വർഷമായി തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിൽ കൊട്ടുന്നു. 21 വർഷമായി മേള പ്രമാണിയാണ്. മേളം എല്ലാവർഷവും പൈതൃകമായി നടന്നുവന്നത് എങ്ങനെയാണോ അങ്ങനെ തന്നെ തുടരണം. ചെണ്ടമേളവും കുടമാറ്റവും പോലെ വെടിക്കെട്ടും പൂരത്തിന്‍റെ ഭാഗമാണ്. അതില്ലാതെ പൂരമാകില്ല. എന്നാൽ സുരക്ഷ പാലിക്കണമെന്ന കാര്യത്തിൽ സംശയമില്ല. ചെണ്ട അടിസ്ഥാനപരമായി പുരുഷന്‍റെ കലയാണ്. 

ഇപ്പോൾ ധാരാളം സ്ത്രീകൾ ഈ വാദ്യരംഗത്തേക്ക് കടന്നുവരുന്നുണ്ട്. അത് സേന്താഷകരമാണ്. എന്നാൽ ഇലഞ്ഞിത്തറമേളത്തിൽ സ്ത്രീകളെ കൊട്ടാൻ അനുവദിക്കുമോ എന്ന് തനിക്ക് മാത്രമായി ഒന്നും പറയാനാവില്ല. സ്ത്രീക്കും പുരുഷനെ പോലെ തന്നെ ഏത് ജോലിയും ചെയ്യാനാവുമെന്ന് തന്നെയാണ് അഭിപ്രായം. 18 വാദ്യത്തിലും മീതേയാണ് ചെണ്ട. അത് കേരളത്തിന്‍റെ മാത്രം വാദ്യമാണെന്നും കുട്ടന്മാരാർ പറഞ്ഞു. ഇന്ന് തൃശൂർ ജില്ലാ പ്രവാസി കൂട്ടായ്മയുടെ 14ാം വാർഷികാഘോഷത്തിെൻറ ഭാഗമായ ‘തൃശൂർ സംഗമം 2019’ റിയാദിൽ നടക്കും. പെരുവനം കുട്ടന്മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളവും കുട്ടന്മാരാരുടെ തായമ്പകയുമാണ് പ്രധാന പരിപാടി. 
 

click me!