
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് 13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മേയ് 3, 2026 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) ൽ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ ആകെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 29 ആയി ഉയരും.
ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുൾ, മുംബൈ, ഡൽഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടാകുന്നത്. രാജ്യാന്തര യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തത്.
അതേസമയം 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സുഡാൻ തലസ്ഥാനമായ കാർട്ടൂമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യമായി ഒരു വിദേശ വിമാനക്കമ്പനിയുടെ വിമാനം ലാൻഡ് ചെയ്തു. കുവൈത്ത് എയർവേയ്‌സിന്റെ വിമാനമാണ് സുഡാനിലെ സുരക്ഷാ വെല്ലുവിളികൾക്ക് ശേഷം ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്. 1990-ന് ശേഷം 36 വർഷത്തെ ഇടവേള കഴിഞ്ഞാണ് കുവൈത്ത് എയർവേയ്‌സ് കാർട്ടൂമിലേക്ക് സർവീസ് നടത്തുന്നത്.
കുവൈത്തിൽ നിന്നുള്ള മുന്നൂറോളം സുഡാൻ പൗരന്മാരുമായാണ് ഈ വിമാനം എത്തിയത്. 'നീലപ്പക്ഷി നീലനൈലിനെ പുണരാൻ തിരിച്ചെത്തിയിരിക്കുന്നു' എന്നാണ് കുവൈത്ത് എയർവേയ്‌സിനെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് സുഡാൻ സ്ഥാനപതി അവദ് അൽ കരീം അൽ റീഹ് ബല്ല ഈ സംഭവത്തെ വിശേഷിപ്പിച്ചത്. കാർട്ടൂം ഇപ്പോൾ സുരക്ഷിതമാണെന്നും അന്താരാഷ്ട്ര വിമാനങ്ങളെ സ്വീകരിക്കാൻ സജ്ജമാണെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ സർവീസിലൂടെ ലോകത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam