രഹസ്യവിവരം ലഭിച്ചതോടെ അന്വേഷണം, വീട്ടിൽ നിന്ന് പിടികൂടിയത് 7,500 ലിറ്റർ മദ്യം; കുവൈത്തിൽ പ്രവാസികൾ അറസ്റ്റിൽ

Published : Oct 21, 2026, 05:28 PM IST
liquor seized

Synopsis

കുവൈത്തിലെ റിഹാബ് പ്രദേശത്ത് അനധികൃത മദ്യനിർമാണ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂന്നുനില വീട് പോലീസ് കണ്ടെത്തി. പരിശോധനയിൽ 7,500 ലിറ്റർ മദ്യവും അപകടകരമായ രാസവസ്തുക്കളും പിടിച്ചെടുത്തു. സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി കൈമാറി.

കുവൈത്ത്: കുവൈത്തിലെ റിഹാബ് പ്രദേശത്ത് മൂന്നുനിലയുള്ള താമസവീട് അനധികൃത മദ്യനിർമാണ കേന്ദ്രമാക്കി മാറ്റിയ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. പരിശോധനയിൽ ഏകദേശം 7,500 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ വീട് റെയ്ഡ് ചെയ്തത്. 25 ലിറ്റർ വീതം ശേഷിയുള്ള ഏകദേശം 300 കണ്ടെയ്നറുകളിലായി സൂക്ഷിച്ചിരുന്ന മദ്യമാണ് കണ്ടെത്തിയത്.

മൂന്നുനില കെട്ടിടം പൂർണമായും മദ്യനിർമാണത്തിനും വിതരണത്തിനുമായി ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. സമീപത്തെ വീടുകൾക്ക് അപകടഭീഷണി ഉയർത്തുന്ന തീപിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കളും ഇവിടെ കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് കുവൈത്ത് ഫയർഫോഴ്സിന്റെ സഹായത്തോടെ കെട്ടിടം സുരക്ഷിതമാക്കി. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി വൈദ്യുതി, ജല മന്ത്രാലയവുമായി ഏകോപനം നടത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിക്രൂട്ട്മെന്‍റ് ഓഫീസുകൾ അമിത ഫീസ് ഈടാക്കിയാൽ പരാതി നൽകാം; കുവൈത്തിൽ പുതിയ ഓൺലൈൻ സേവനവുമായി മാൻപവർ അതോറിറ്റി
കുവൈത്തിൽ ഹെറോയിൻ കടത്തിയ പ്രവാസിക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി