
കുവൈത്ത് സിറ്റി: കുവൈത്തിൽ റംസാൻ മാസത്തിൽ യാചനക്ക് പിടിക്കപ്പെട്ടാൽ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ഒരു ഇളവും നൽകാതെ ഉടൻ നാടുകടത്താൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രാലയം നിർദേശം നൽകി.
സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കിൽ ഭർത്താവും മക്കളുമുൾപ്പെടെ കുവൈത്ത് വിടേണ്ടി വരും. കമ്പനി ജീവനക്കാർ പിടിക്കപ്പെട്ടാൽ കമ്പനി വൻ തുക പിഴ നൽകേണ്ടി വരും. മാത്രമല്ല കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും. കമ്പനികൾക്ക് കീഴിൽ സന്ദർശന വിസയിൽ എത്തിയവരാണ് യാചനയിലേർപ്പെട്ടതെങ്കിലും സ്പോൺസറിങ് കമ്പനിയുടെ ഫയൽ മരവിപ്പിക്കും.
റംസാൻ മാസത്തിൽ യാചന പിടികൂടാൻ മഫ്തി വേഷത്തിലുള്ള പൊലീസുകാരെയും വനിതാ പൊലീസിനെയും നിയോഗിക്കും. പ്രധാന വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പള്ളികളിലും പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട്. ഗാർഹികത്തൊഴിലാളികൾ യാചനക്കിടെ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്കെതിരെയും നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam