ഗള്‍ഫില്‍ മരണപ്പെട്ട മലയാളിയുടെ കുടുംബത്തെ തേടി കമ്പനി മേധാവി കേരളത്തില്‍

By Web TeamFirst Published Jan 14, 2019, 5:12 PM IST
Highlights

കുവൈറ്റില്‍ നിന്നും കേരളത്തിലെത്തിയ ഹംബര്‍ട്ട് ലീയുടെ ചിത്രങ്ങള്‍ സഹിതം സാജന്‍ എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏഴ് മാസം മുന്‍പാണ് ബിജു കുവൈറ്റിലേക്ക് പോയത്. കമ്പനിയില്‍ പ്ലംബറായായിരുന്നു ജോലി.

ചെങ്ങന്നൂർ: ഗള്‍ഫില്‍ വെച്ച് മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് ധനസഹായം എത്തിക്കാന്‍ കേരളത്തിലെത്തിയ ഒരു കമ്പനി മേധാവിയുടെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. കഴിഞ്ഞമാസം 12ന് കുവൈറ്റില്‍ വെച്ച് മരണപ്പെട്ട ചെങ്ങന്നൂർ ചെറിയനാട് ബിജുവിന്റെ കുടുംബത്തെ തേടിയാണ് എസ്.ബി.സി കുവൈറ്റ് എന്ന കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹംബര്‍ട്ട് ലീ കേരളത്തിലെത്തിയത്. കുടുംബത്തിന് 33.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറാനായിരുന്നു അദ്ദേഹത്തിന്റെ വരവ്.

കുവൈറ്റില്‍ നിന്നും കേരളത്തിലെത്തിയ ഹംബര്‍ട്ട് ലീയുടെ ചിത്രങ്ങള്‍ സഹിതം സാജന്‍ എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏഴ് മാസം മുന്‍പാണ് ബിജു കുവൈറ്റിലേക്ക് പോയത്. കമ്പനിയില്‍ പ്ലംബറായായിരുന്നു ജോലി. ഡിസംബര്‍ 12ന് ജോലിക്കിടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തു. കമ്പനി മുന്‍കൈയെടുത്ത് ഉടന്‍ തന്നെ മൃതദേഹം നാട്ടിലെത്തിച്ചു. ഇതിന് പിന്നാലെയാണ് കമ്പനി മേധാവിയും കേരളത്തിലേക്ക് വന്നത്.

ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിച്ച തുകയും ഒപ്പം ജോലി ചെയ്ത ജീവനക്കാര്‍ സമാഹരിച്ച തുകയും കൂട്ടിച്ചേര്‍ത്ത് 33.5 ലക്ഷം രൂപയാണ് അദ്ദേഹം കുടുംബത്തിന് കൈമാറിയത്. ആറ് ലക്ഷം രൂപ ബിജുവിന്റെ അമ്മയ്ക്കും ബാക്കി തുക ഭാര്യ ബോബിക്കും മക്കളായ ആല്‍ബി, അജോബി എന്നിവര്‍ക്കും നല്‍കി. ഭാര്യയെയും അമ്മയെയും മക്കളെയും ആശ്വസിപ്പിക്കുന്ന ഹംബര്‍ട്ട് ലീയുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  
 


 

click me!