
കുവൈത്ത് സിറ്റി: കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും കള്ളക്കേസുകൾ ചമയ്ക്കുകയും ചെയ്ത സൈനിക ഉദ്യോഗസ്ഥന് കുവൈത്ത് ക്രിമിനൽ കോടതി 10 വർഷം കഠിനതടവ് വിധിച്ചു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുഐലി അധ്യക്ഷനായ കോടതിയാണ് തലസ്ഥാന ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്. തടവിനു പുറമെ 800 കുവൈത്ത് ദിനാർ പിഴയൊടുക്കാനും ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവാസികൾക്കെതിരെ അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രവാസികളുടെ നിയമപരമായ സാഹചര്യങ്ങളെ മുതലെടുത്ത്, നാടുകടത്തൽ നടപടികൾ ലഘൂകരിക്കാമെന്ന് വാഗ്ദാനം ചെയ്തും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാൾ കൈക്കൂലി വാങ്ങുകയായിരുന്നു. രാജ്യത്തെ സുരക്ഷാ വിഭാഗത്തിന്റെ വിശ്വാസ്യതയെ തകർക്കുന്ന പ്രവൃത്തിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. സത്യസന്ധമായി ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥൻ വ്യക്തിപരമായ നേട്ടങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്തത് അതീവ ഗൗരവകരമായ കുറ്റമാണെന്ന് കോടതി വിലയിരുത്തി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പാണ് ഈ വിധിയിലൂടെ അധികൃതർ നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam