
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ഭാര്യക്കും മക്കൾക്കും മൂന്നുമാസത്തെ സന്ദർശക വിസ അനുവദിക്കാൻ തീരുമാനം. താമസകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതേസമയം മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ സന്ദർശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക.
കുടുംബത്തില്‍ നിന്ന് വിട്ടുനിൽക്കുന്നവരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് ഭാര്യ, മക്കൾ എന്നിവർക്ക് മൂന്നുമാസത്തെ സന്ദർശക വിസ അനുവദിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് ഒരു മാസം മാത്രം കാലാവധിയുള്ള സന്ദർശക വിസ അനുവദിക്കുക. മാത്രമല്ല ബിസിനസ് വിസക്കും ഒരുമാസത്തെ കാലാവധിയാണ് ഉണ്ടാകുക. ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീർപ്പിച്ചു നൽകില്ല. രാജ്യത്തെ മുഴുവൻ താമസവിഭാഗം കാര്യാലയങ്ങളിലും ഇതുസംബന്ധിച്ച വിവരം നൽകിയതായി അധികൃതർ വ്യക്തമാക്കി.
വിദേശിക്ക് സ്വന്തം മാതാപിതാക്കളെയോ, ഭാര്യയുടെ മാതാപിതാക്കളെയോ സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദീനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി. നേരത്തെയുള്ള ഉത്തരവനുസരിച്ച് സ്പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിന്റെ ലക്ഷ്യവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക് വിസാ കാലാവധി വെട്ടിക്കുറക്കാൻ അവകാശമുണ്ടാവും. ഭാര്യ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷൻ മാനേജറുടെ വിവേചനാധികാര പരിധിയിൽ വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam