
കുവൈത്ത് സിറ്റി: ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയിലും പ്രചരിച്ച മുബാറക് അൽ-കബീർ തുറമുഖത്തിന് സമീപം കപ്പൽ അപകടം നടന്നുവെന്ന വാർത്തകൾ നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രചരിക്കുന്ന വിവരങ്ങൾ അസത്യമാണെന്നും പരാമർശിക്കുന്ന സംഭവം കുവൈത്തിന്റെ ഭൗമപരിധിക്കുള്ളിൽ അല്ല, മറിച്ച് മുബാറക് അൽ-കബീർ തുറമുഖത്തിൽ നിന്ന് കുറഞ്ഞത് 60 കിലോമീറ്റർ അകലെയാണെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിന്‍റെ പ്രദേശിക ജലപരിധിക്ക് പുറത്താണിത് സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ നിരവധി ആക്രമണങ്ങളിൽ നങ്കൂരമിട്ടിരുന്ന ഒരു എണ്ണക്കപ്പലിൽ ഒരു സ്ഫോടനം സംഭവിക്കുകയും അതിന്റെ ഒരു ഭാഗം ചരക്ക് കടലിലേക്ക് ഒഴുകുകയും ചെയ്തുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി ഓർമ്മിപ്പിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും, ആഗോള പ്രതിസന്ധികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എൻ രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വമടക്കമുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി ഇതിലൂടെ ചൂണ്ടിക്കാട്ടിയതെന്നാണ് വിലയിരുത്തലുകൾ.
ഇറാനിൽ മരണം 1100 കടന്നു
അതേസമയം ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്. മറുവശത്ത് ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുകയാണ്. സൗദിയിൽ നിരവധി തവണ ആക്രമണങ്ങൾ നടന്നു. അൽ ഖർജിൽ 3 ഡ്രോണുകൾ കൂടി തകർത്തതായി സൗദി അറേബ്യ അറിയിച്ചു. അമേരിക്കയും ചൈനയും ഇന്ത്യയുമായും സംസാരിച്ചതായും സൗദി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam