
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു അയല്‍ രാജ്യത്തു നിന്ന് അടുത്തിടെ കുവൈത്തില്‍ മടങ്ങിയെത്തിയ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റി ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ആരോഗ്യ മാനദണ്ഡങ്ങള്‍ പ്രകാരം നിരീക്ഷണ വിധേയമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ രാജ്യത്തെ ആരോഗ്യ മന്ത്രാലയം, കുവൈത്ത് കോളറ വ്യാപിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്തെ ജനങ്ങള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സുരക്ഷിതമല്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോളറ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. ഇതിനോടകം ഈ രാജ്യങ്ങളില്‍ പോയി മടങ്ങി വന്നവര്‍, കോളറയുടെ ലക്ഷണങ്ങളായ ഓക്കാനം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുന്നപക്ഷം ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം.
വിബ്രിയോ കോളറെ ബാക്ടീരിയ ബാധിതമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെയാണ് കോളറ ബാധിക്കുന്നത്. സാധാരണ ഗതിയില്‍ നിസാരമായതോ ഗുരുതരമല്ലാത്തതോ ആയ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗം, കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കപ്പെടാന്‍ സാധ്യതയുണ്ട്. അഫ്‍ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലും ഇപ്പോള്‍ ലെബനാനിലും നിരവധി കോളറ കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Read also: അഴിമതിയും അധികാര ദുർവിനിയോഗവും; സൗദി അറേബ്യയിൽ 138 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam