
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും ലക്ഷ്യമിട്ട് വധശ്രമങ്ങൾക്കും അട്ടിമറി നീക്കങ്ങൾക്കും പദ്ധതിയിട്ട ഭീകരസംഘത്തെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി പിടികൂടി. നിരോധിത സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സെല്ലിനെ അതീവ രഹസ്യമായ നിരീക്ഷണത്തിനൊടുവിലാണ് ആഭ്യന്തര മന്ത്രാലയം തകർത്തത്. അഞ്ച് കുവൈത്ത് പൗരന്മാരും പൗരത്വം റദ്ദാക്കപ്പെട്ട ഒരാളും ഉൾപ്പെടെ ആറ് പേരാണ് നിലവിൽ പിടിയിലായിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ട മറ്റ് 14 പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിൽ പോയവരിൽ അഞ്ച് കുവൈത്ത് പൗരന്മാരും പൗരത്വം റദ്ദാക്കപ്പെട്ട അഞ്ച് പേരും രണ്ട് വീതം ഇറാൻ, ലെബനൻ സ്വദേശികളും ഉൾപ്പെടുന്നു. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെയും ഭരണനേതൃത്വത്തെയും വധിക്കാനുള്ള ഗൂഢാലോചനയാണ് ഈ സംഘം നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാനും ഇവർ പദ്ധതിയിട്ടിരുന്നു. പിടിയിലായ പ്രതികൾ തങ്ങൾ ഹിസ്ബുള്ളയിൽ അംഗങ്ങളാണെന്നും വിദേശരാജ്യങ്ങളിൽ പോയി ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാൻ അത്യാധുനിക സൈനിക പരിശീലനം നേടിയതായും സമ്മതിച്ചു. ചാരവൃത്തിക്കും വധശ്രമങ്ങൾക്കും പരിശീലനം ലഭിച്ച ഇവർ വലിയ തോതിലുള്ള അട്ടിമറി നീക്കങ്ങൾക്കാണ് തയ്യാറെടുത്തിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam