ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ, ശക്തമായി അപലപിച്ച് കുവൈത്ത്; സ്വയം പ്രതിരോധിക്കാൻ പൂർണ അവകാശമെന്ന് വിദേശകാര്യ മന്ത്രാലയം

Published : Sep 03, 2026, 04:07 PM IST
kuwait sea

Synopsis

കുവൈത്തിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് മന്ത്രാലയം പ്രസ്താവിച്ചു. രാജ്യസുരക്ഷ ഉറപ്പാക്കാൻ സ്വയം പ്രതിരോധത്തിനുള്ള അവകാശമുൾപ്പെടെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ ഇറാൻ ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ന് പുലർച്ചെ നടന്ന ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും കുവൈത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്‍റെയും ഗുരുതരമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ തുടരുന്നത് ശത്രുതാപരമായ സമീപനത്തിന്റെ പ്രതിഫലനമാണെന്നും മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ സംഘർഷമാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ പിരിമുറുക്കം ലഘൂകരിക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളെ ഇത്തരം നടപടികൾ ആസൂത്രിതമായി ദുർബലപ്പെടുത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കുവൈത്തിന്റെ ഭൂപ്രദേശങ്ങളെയും സുപ്രധാന സ്ഥാപനങ്ങളെയും ഏത് ആക്രമണത്തിൽ നിന്നും ഭീഷണിയിൽ നിന്നും പ്രതിരോധിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇത്തരം നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി.

വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞിരുന്നു. മേഖലയിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും കുവൈത്ത് സൈന്യം വ്യക്തമാക്കി. അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങളിൽ വൻ വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യ സംഘർഷം; അതീവ ജാഗ്രത പാലിക്കാൻ നിർദേശം, കുവൈത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി അമേരിക്കൻ എംബസി
ഇറാൻ-അമേരിക്കൻ സംഘർഷം രൂക്ഷമാകുന്നു; കുവൈത്തിന് നേരെ ഡ്രോൺ, മിസൈൽ ആക്രമണം, പ്രതിരോധിച്ച് വ്യോമസേന