
കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ ആശങ്കയിലാഴ്ത്തി ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. മേഖലയിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും കുവൈത്ത് സൈന്യം വ്യക്തമാക്കി.
അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങളിൽ വൻ വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ആവശ്യമെങ്കിൽ ഇനിയും ശക്തമായ ആക്രമണം നടത്താൻ യുഎസ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഒരു വിവാഹച്ചടങ്ങിലേക്ക് നടന്ന ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധ പ്രവിശ്യകളിലായി നടന്ന ആക്രമണങ്ങളിൽ 108 പേർക്ക് പരിക്കേറ്റതായി ഇറാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുമെന്നും ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കുമെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരും സൈനിക ഏറ്റുമുട്ടലും ശക്തമായതോടെ മിഡിൽ ഈസ്റ്റിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. മേഖലയിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര സമൂഹം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam