അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 10,000 പ്രവാസികളെ; പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി

By Web TeamFirst Published Mar 28, 2023, 6:09 PM IST
Highlights

കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയാണ് ഇത്തരം പരിശോധനകളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അറസ്റ്റിലാവുന്ന നിയമലംഘകരെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസത്തിനകം തന്നെ നാടുകടത്തുകയാണ് ചെയ്യുന്നത്. 

കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് 10,000ല്‍ അധികം പ്രവാസികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ രാജ്യത്തെ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക റെയ്‍ഡുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയാണ് ഇത്തരം പരിശോധനകളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അറസ്റ്റിലാവുന്ന നിയമലംഘകരെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസത്തിനകം തന്നെ നാടുകടത്തുകയാണ് ചെയ്യുന്നത്. വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയ കമ്മിറ്റി, രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ തൂടരും. തൊഴില്‍ വിപണികള്‍ പ്രത്യേകമായി കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ മുന്നോട്ട് പോവുന്നത്. 

കഴിഞ്ഞ മാസം മാത്രം ഈ മേഖലകളില്‍ നിയമലംഘകരായ അറുനൂറിലധികം പേരെയാണ് പിടികൂടിയത്. വിസാ കച്ചവടത്തിന് വേണ്ടി മാത്രം രൂപീകരിക്കുന്ന കടലാസ് കമ്പനികള്‍ നിയമലംഘകരായ പ്രവാസികളുടെ കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നുവെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. 2000 കുവൈത്തി ദിനാറിനാണ് ഇത്തരം കടലാസ് കമ്പനികള്‍ വിസ വില്‍ക്കുന്നത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 

പരാതികള്‍ സ്വീകരിക്കാനും നടപടികളെടുക്കാനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം ആവിഷ്കരിച്ചിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരില്‍ തൊഴിലാളികളെ വിസയെടുത്ത് കുവൈത്തിലേക്ക് കൊണ്ട് വരികയും പിന്നീട് അവരെ തൊഴിലാളികള്‍ ആവശ്യമായ മറ്റ് കമ്പനികളിലേക്ക് മാറ്റുന്ന പ്രവണതയും അവസാനിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Read also:  സൗദിയിലെ ബസപകടത്തിൽ പരിക്കേറ്റവരിൽ രണ്ട്​ ഇന്ത്യക്കാരും, ഒരാളുടെ നില ഗുരുതരം; മരണസംഖ്യ 21 ആയി

click me!