കുവൈത്തില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ സാധ്യത

By Web TeamFirst Published Apr 3, 2019, 5:01 PM IST
Highlights

വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് സാമ്പത്തികകാര്യ സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍ വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് നിയമകാര്യ സമിതി അഭിപ്രായപ്പെട്ടു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വിദേശികളില്‍ നിന്ന് റെമിറ്റന്‍സ് ടാക്സ് ഈടാക്കുന്നതി നിയമവിരുദ്ധമല്ലെന്നാണ് പാര്‍ലമെന്റിലെ സാമ്പത്തികകാര്യ സമിതി കണ്ടെത്തിയിരിക്കുന്നത്.

വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് സാമ്പത്തികകാര്യ സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍ വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് നിയമകാര്യ സമിതി അഭിപ്രായപ്പെട്ടു. നികുതിയുടെ കാര്യത്തില്‍ ഇത്തരമൊരു തുല്യത വേണമെന്ന് ഭരണഘടന പറയുന്നില്ലെന്നാണ് ഇതിന് സാമ്പത്തികകാര്യ സമിതിയുടെ മറുപടി.

വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം നേരത്തെ മന്ത്രിസഭ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് പാര്‍ലമെന്റില്‍ വാദമുയര്‍ന്നിരുന്നത്. കുവൈത്ത് കേന്ദ്ര ബാങ്കും ഇത്തരമൊരു നീക്കം നേരത്തെ എതിര്‍ത്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സാമ്പത്തികകാര്യ സമിതിയുടെ നീക്കം.

click me!