പ്രാദേശിക രാജ്യങ്ങളിൽ തുടരുന്ന വ്യോമപരിധി നിയന്ത്രണങ്ങൾ കാരണം ഒമാൻ എയർ ചില അന്താരാഷ്ട്ര സർവീസുകൾ 2026 മാർച്ച് വരെ താൽക്കാലികമായി റദ്ദാക്കിയതായി അറിയിച്ചു.

മസ്കറ്റ്: പ്രാദേശിക രാജ്യങ്ങളിൽ തുടരുന്ന വ്യോമപരിധി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ചില അന്താരാഷ്ട്ര സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി അറിയിച്ചു. മാർച്ച് 22, 2026 വരെ ചില പ്രധാന നഗരങ്ങളിലേക്കും അവിടങ്ങളിൽ നിന്നുമുള്ള സർവീസുകൾ നിർത്തിവെക്കേണ്ടി വന്നിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്മാൻ, ദുബായ്, ബഹ്റൈൻ, ദോഹ, ദമ്മാം, കുവൈത്ത്, കോപ്പൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നീ നഗരങ്ങളിലേക്കും അവിടങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. പ്രാദേശിക വ്യോമപരിധി നിയന്ത്രണങ്ങളാണ് ഈ തീരുമാനത്തിന് കാരണം എന്ന് കമ്പനി വ്യക്തമാക്കി.

അതേസമയം, ഒമാൻ എയറിന്റെ മറ്റ് പല അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്നും, യാത്രക്കാരുടെ സൗകര്യാർത്ഥം ചില റൂട്ടുകളിൽ അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. യാത്രക്കാരോട് അവരുടെ ബുക്കിംഗ് നില പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഒമാൻ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായിട്ടുള്ള അസൗകര്യത്തിൽ കമ്പനി ഖേദം രേഖപ്പെടുത്തി.