അധ്യാപക ജോലിയിലും സ്വദേശിവത്കരണം നടപ്പാക്കും; രണ്ട് ഘട്ടമായി പ്രവാസികളെ ഒഴിവാക്കുമെന്ന് മന്ത്രി

Published : Dec 29, 2022, 03:54 PM IST
അധ്യാപക ജോലിയിലും സ്വദേശിവത്കരണം നടപ്പാക്കും; രണ്ട് ഘട്ടമായി പ്രവാസികളെ ഒഴിവാക്കുമെന്ന് മന്ത്രി

Synopsis

പൊതുമേഖലയിലെ ജോലികള്‍ക്ക് സ്വദേശികള്‍ക്കുള്ള അവകാശം പ്രഖ്യാപിച്ചിട്ടുള്ള കുവൈത്ത് ഭരണഘടനയുടെ 26-ാം വകുപ്പ് പ്രകാരവും സര്‍ക്കാര്‍ ജോലികളിലെ സ്വദേശിവത്കരണം സംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ 2017ലെ 11-ാം നമ്പര്‍ ഉത്തരവ് അനുസരിച്ചുമാണ് വിദ്യാഭ്യാസ മന്ത്രാലയവും നടപടികള്‍ സ്വീകരിക്കുന്നത്. 

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സ്വദേശിവത്കരണ പദ്ധതികള്‍ക്ക് അനുസൃതമായി അധ്യാപക തസ്‍തികകളില്‍ നിന്നും വിദേശികളെ ഒഴിവാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ ശാസ്‍ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ് അല്‍ അദ്‍വാനി അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശവും വിദേശികളെ ഒഴിവാക്കി കുവൈത്തി പൗരന്മാരെ നിയമിക്കാനുള്ള ഔദ്യോഗിക പദ്ധതിയും അനുസരിച്ച് സ്വദേശിവത്കരണ നടപടികള്‍ മന്ത്രാലയം തുടരുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പൊതുമേഖലയിലെ ജോലികള്‍ക്ക് സ്വദേശികള്‍ക്കുള്ള അവകാശം പ്രഖ്യാപിച്ചിട്ടുള്ള കുവൈത്ത് ഭരണഘടനയുടെ 26-ാം വകുപ്പ് പ്രകാരവും സര്‍ക്കാര്‍ ജോലികളിലെ സ്വദേശിവത്കരണം സംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ 2017ലെ 11-ാം നമ്പര്‍ ഉത്തരവ് അനുസരിച്ചുമാണ് വിദ്യാഭ്യാസ മന്ത്രാലയവും നടപടികള്‍ സ്വീകരിക്കുന്നത്. രണ്ട് പ്രധാന ഘട്ടങ്ങളിലൂടെയായിരിക്കും വിദ്യാഭ്യാസ മന്ത്രാലയം സ്വദേശിവത്കരണം നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 

ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉന്നത പദവികളില്‍ എത്രയും വേഗം സ്വദേശിവത്കരണം നടപ്പാക്കും ഇതിനായി നിലവില്‍ വെയിറ്റിങ് ലിസ്റ്റിലുള്ള സ്വദേശികളുടെ എണ്ണവും സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമായിട്ടുള്ള മേഖലകളും പരിശോധിച്ച ശേഷം ഇത് നടപ്പാക്കും. രണ്ടാം ഘട്ടത്തില്‍, നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നതും എന്നാല്‍ ആവശ്യമായ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമായിട്ടുള്ളതുമായ തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കും. ഓരോ പ്രദേശത്തെയും ആവശ്യങ്ങളും ഓരോ വിദ്യാഭ്യാസ ഘട്ടത്തിലെയും സാഹചര്യങ്ങളും പ്രത്യേകം പരിശോധിച്ച് കുവൈത്തി അധ്യാപകര്‍ക്കും, കുവൈത്തി വനിതകളുടെ മക്കളായ വിദേശികള്‍ക്കും ഈ ജോലികള്‍ ലഭ്യമാകുന്ന തരത്തിലായിരിക്കും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക.

രാജ്യത്തെ സ്വദേശികളുടെ തൊഴിലില്ലായ്‍മ നിരക്ക് കുറയ്ക്കാന്‍ ഈ നടപടികള്‍ വലിയ അളവില്‍ സഹായകമാവുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സ്വദേശിവത്കരണ നിരക്ക് അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പരിശോധിച്ച് നിജപ്പെടുത്തും. വിദ്യാഭ്യാസ പ്രക്രിയയുടെ സ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ഇത് നടപ്പാക്കുക. ആദ്യ ഘട്ടമായി ഈ അക്കാദമിക വര്‍ഷത്തെ വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ശേഷം രാജ്യത്തെ ജനറല്‍ എജ്യുക്കേഷന്‍, പ്രൈവറ്റ് എജ്യൂക്കേഷന്‍, സ്‍പെഷ്യല്‍ എജ്യുക്കേഷന്‍ സ്ഥാപനങ്ങളിലെ വിദേശ അധ്യാപകരുടെ എണ്ണവും, കൂടുതല്‍ സ്വദേശി അധ്യാപകര്‍ ലഭ്യമായ മേഖലകളും പരിശോധിച്ച് ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്