40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്തണമെന്ന് ആവശ്യം

By Web TeamFirst Published Oct 10, 2019, 2:07 PM IST
Highlights

പ്രവാസികളുടെ എണ്ണം അപകടകരമായ തോതില്‍ വര്‍ദ്ധിച്ചതിനാല്‍ കുടുംബത്തോടൊപ്പം അവരെ നാടുകടത്തണമെന്ന് കുവൈത്തിലെ വനിതാ എം.പി സഫ അല്‍ ഹാഷിം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. നാടുകടത്തേണ്ട വിഭാഗങ്ങളെക്കുറിച്ചും അവര്‍ പാര്‍ലമെന്റില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

കുവൈത്ത് സിറ്റി: നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്തണമെന്ന് കുവൈത്ത് പാര്‍ലമെന്റില്‍ നിര്‍ദേശം. വനിതാ എം.പി സഫാ അല്‍ ഹാഷിമാണ് കരടുനിര്‍ദേശം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. രാജ്യത്ത് വിദേശികളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ജനസംഖ്യാ ഘടനയില്‍തന്നെ അപകടകരമായ മാറ്റമുണ്ടാക്കുന്നുവെന്നും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്നുമാണ് എം.പിയുടെ വാദം.

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് പിന്നിട്ടവരെയും രോഗികളെയും വികലാംഗരെയും നാടുകടത്തുന്നതിനൊപ്പം സ്‍പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍, ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവര്‍, സ്ഥാപനങ്ങളില്‍ ആവശ്യത്തില്‍ കൂടുതലുള്ള ജീവനക്കാര്‍, സ്പോണ്‍സര്‍ മാറി സ്വകാര്യ സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ തുടങ്ങിയവരെയൊക്കെ നാടുകടത്തണമെന്നാണ് സഫാ അല്‍ ഹാഷിം സമര്‍പ്പിച്ച കരടുനിര്‍ദേശത്തിലുള്ളത്. തൊഴില്‍ കരാറുകള്‍ക്ക് വിരുദ്ധമായി പല വിദേശികളും ഒന്നിലധികം ജോലികള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ സ്വദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നിര്‍ദേശത്തില്‍ ആരോപിക്കുന്നു. ഇഖാമ ലംഘകര്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ പെരുകുന്നതും സമൂഹത്തിലുണ്ടാകുന്ന പരിഭ്രാന്തിയും ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന് എം.പി അഭിപ്രായപ്പെട്ടു.

click me!