
കുവൈത്ത് സിറ്റി: മൂന്ന് ഘട്ടങ്ങളിലൂടെ പ്രവാസി ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കാനും പകരം സ്വദേശികള്‍ക്ക് ജോലി നല്‍കാനുമുള്ള പദ്ധതിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റികാര്യ മന്ത്രി ഡോ. റാണ അല്‍ ഫാരിസാണ് ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നല്‍കിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
ആദ്യ ഘട്ടത്തില്‍ കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത ജീവനക്കാരില്‍ 33 ശതമാനം പേര്‍ക്ക് പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കും. വരുന്ന സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം. അടുത്ത 33 ശതമാനം പ്രവാസി ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കും. അവശേഷിക്കുന്ന 33 ശതമാനം പേര്‍ക്ക് അടുത്ത വര്‍ഷം ജൂലൈ ഒന്നിനും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read also: വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 പ്രവാസികളെ പരിശോധനകളില്‍ പിടികൂടി
പ്രവാസികളെ ഒഴിവാക്കാനുള്ള പദ്ധതി സംബന്ധിച്ച് മുനിസിപ്പാലിറ്റികാര്യ മന്ത്രി ഡോ. റാണ അല്‍ ഫാരിസ്, മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്‍മദ് അല്‍ മന്‍ഫൂഹിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത ജീവനക്കാരുടെ പട്ടിക ഒരാഴ്‍ചയ്‍ക്കകം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പിരിച്ചുവിടല്‍ സംബന്ധമായ നിയമ നടപടികള്‍ക്ക് തയ്യാറെടുക്കാനാണിതെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുള്ളതായി അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികളെ പൂര്‍ണമായി ഒഴിവാക്കാനാണ് തീരുമാനമെങ്കിലും ചില വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. വിദേശികള്‍ വിവാഹം ചെയ്‍ത സ്വദേശി വനിതകളുടെ മക്കള്‍, ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍, നിര്‍ദിഷ്ട നിബന്ധനകള്‍പാലിക്കുന്ന ബിദൂനികള്‍ തുടങ്ങിയവര്‍ക്കായിരിക്കും ഇളവ് ലഭിക്കുക. സ്വദേശികളല്ലാത്ത ജീവനക്കാരുടെ നിയമന നടപടികള്‍ നിര്‍ത്തിവെയ്‍ക്കാനും സ്വദേശികളല്ലാത്ത ജീവനക്കാരുടെ വകുപ്പുകളും സെക്ടറുകളും തമ്മിലുള്ള സ്ഥലംമാറ്റങ്ങളും നിര്‍ത്തിവെയ്‍ക്കാനും മുനിസിപ്പാലിറ്റികാര്യ മന്ത്രി ഡോ. റാണ അല്‍ ഫാരിസ് നിര്‍ദേശിച്ചിട്ടുണ്ട്.
Read also: മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ നാല് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam