കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; നിലവിലെ മന്ത്രിസഭയുടെ രാജി സ്വീകരിച്ച് അമീര്‍

By Web TeamFirst Published Dec 6, 2020, 11:31 PM IST
Highlights

മത്സരിച്ച 29 വനിതകളിൽ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിങ് വനിതാ എം. പി.യായ സഫാ അൽ ഹാഷിം മൂന്നാം മണ്ഡലത്തിൽ കനത്ത പരാജയം നേരിട്ടു. 

കുവൈത്ത് സിറ്റി: കുവൈത്ത്‌ പാർലമന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ടാണു രേഖപ്പെടുത്തിയത്‌. വിജയികളെ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്‍മദ്​ അൽ ജാബിർ അസ്സബാഹ്​ അഭിനന്ദിച്ചു. പുതിയ പാർലമെൻറഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി സമർപ്പിച്ചു.

പതിനാറാമത് കുവൈത്ത് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 66 ശതമാനം സമതിദായകരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഒന്നും രണ്ടും മൂന്നും മണ്ഡലങ്ങളിൽ 70 ശതമാനം വീതം വോട്ടെടുപ്പ്‌ നടന്നു. ഇസ്ലാമിസ്റ്റുകൾക്കും ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്കും മേൽക്കൈ ലഭിച്ചതായാണു തെരഞ്ഞെടുപ്പ്‌ ഫലം സൂചിപ്പികുന്നത്‌. മത്സരിച്ച 29 വനിതകളിൽ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിങ് വനിതാ എം. പി.യായ സഫാ അൽ ഹാഷിം മൂന്നാം മണ്ഡലത്തിൽ കനത്ത പരാജയം നേരിട്ടു. 

ഈ മന്ത്രിസഭയിലെ തെരഞ്ഞെടുക്കപ്പെട്ട ഏക പാർലമന്റ്‌ അംഗവും  വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും ആയിരുന്ന മുഹമ്മദ്‌ അൽ ജുബൈറും മൂന്നാം മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടു. 43 സിറ്റിംഗ്‌ എം.പി.മാരാണ് ഇത്തവണ ജനവിധി തേടിയത്‌. ഇവരിൽ 24 പേർ പരാജയപ്പെടുകയും 19 പേർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവരിൽ 31 പേർ പുതുമുഖങ്ങളാണു. സ്പീക്കർ മർസുഖ്‌ അൽ ഘാനം രണ്ടാം മണ്ഡലത്തിൽ നിന്ന് ഏറ്റവും അധികം വോട്ടുകൾ നേടി വിജയിച്ചു.

പുതിയ പാർലമെന്റ് ഈ മാസം 15ന് ചേരും. പുതിയ പാർലമെന്റ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ശൈഖ്​ സബാഹ്​ ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി സമർപ്പിച്ചു. രാജി സ്വീകരിച്ച അമീർ താൽക്കാലികമായി തുടരാൻ നിർദ്ദേശിച്ചു. അടുത്ത മന്ത്രിസഭയിലും ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പ്രധാനമന്ത്രിയാകാനാണ് സാധ്യത.

click me!