കുവെെത്തിലേക്ക് എത്തുന്നതിന് മുമ്പുള്ള വെെദ്യ പരിശോധന; സംശയം പ്രകടിപ്പിച്ച് പാർലമെന്റ് അംഗം

By Web TeamFirst Published Oct 15, 2018, 12:27 AM IST
Highlights

ഏജന്‍സികളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തങ്ങള്‍ സംബന്ധിച്ച്‌ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് പാർലമെന്റ്‌ അംഗം ആരോഗ്യ മന്ത്രിക്ക്‌ കത്ത്‌ നൽകിയിരിക്കുന്നത്‌

കുവെെത്ത് സിറ്റി: കുവൈത്തിലേക്ക്‌ വരുന്നതിനു മുന്നോടിയായി വിദേശ രാജ്യങ്ങളിൽ നടത്തുന്ന വൈദ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനത്തില്‍ സംശയം പ്രകടിപ്പിച്ച്‌ കുവൈത്ത്‌ പാർലമെന്റ് അംഗം രംഗത്ത്‌. ഏജന്‍സികളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തങ്ങള്‍ സംബന്ധിച്ച്‌ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് പാർലമെന്റ്‌ അംഗം ആരോഗ്യ മന്ത്രിക്ക്‌ കത്ത്‌ നൽകിയിരിക്കുന്നത്‌.

ക്ഷയം, എയ്ഡ്സ്‌, ഹെപറ്റിറ്റിസ്‌ വൈറസ്‌ മുതലായ പകർച്ച വ്യാധികളുമായി രാജ്യത്ത്‌ ചില വിദേശികൾ പ്രവേശിച്ചതായി റിപ്പോർട്ട്‌ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പാർലമെന്റ്‌ അംഗം ആദിൽ അൽ ദഖ്ബസി ആരോഗ്യമന്ത്രി ഡോ. ബാസിൽ സബാഹിന് വിഷയം ഉന്നയിച്ച്‌ കത്ത്‌ നൽകിരിക്കുന്നത്‌.

വിദേശ രാജ്യങ്ങളിലെ വൈദ്യ പരിശോധന കേന്ദ്രം അനുവദിക്കുന്നതിനും അവയുടെ ലൈസൻസ്‌ പുതുക്കുന്നതിനുമുള്ള ഗുണ നിലവാര മാനദണ്ഡം എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നാണ് കത്തിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. 2017 -18ൽ സാംക്രമിക രോഗങ്ങളുമായി കുവൈത്തിൽ പ്രവേശിച്ചതായി കണ്ടെത്തിയ വിദേശികളുടെ എണ്ണം അവരുടെ രാജ്യം ഇവരുടെ വൈദ്യപരിശോധന നടത്തിയ വിദേശ രാജ്യങ്ങളിലെ ഏജൻസിയുടെ പേര് മുതലായ വിവരങ്ങൾ വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

വൈദ്യപരിശോധനയിൽ വീഴ്ച വരുത്തിയ ഏജൻസികൾക്ക്‌ എതിരെ പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്ന കത്തിൽ മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ആരോഗ്യ മന്ത്രാലയം എന്തെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും ചോദിക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക്‌ വൈദ്യ പരിശോധന നടത്തിയിരുന്ന ഖദമാത്ത്‌ എന്ന ഏജൻസിയെ ഈ വർഷം ഏപ്രിലിൽ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. പകരം ഇന്റർഗ്രേറ്റിഡ്‌ സൊലൂഷൻ എന്ന സ്ഥാപനത്തിനാണ് പുതിയ ചുമതല നൽകിയിരുന്നത്‌. ഇതിനെതിരെ ഖദമാത്‌ കുവൈത്തിലെ ഉന്നത കേന്ദ്രങ്ങളിൽ പരാതി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പാർലമെന്റ്‌ അംഗത്തിന്റെ ഇടപെടൽ എന്നാണ് സൂചന. 

click me!