കൊവിഡ് വ്യാപനം കൂടുന്നു; കുവൈത്തിലെ ഭാഗിക കര്‍ഫ്യൂ റമദാന്‍ മാസത്തിലും തുടര്‍ന്നേക്കുമെന്ന് സൂചന

By Web TeamFirst Published Mar 30, 2021, 7:32 PM IST
Highlights

റമദാന്‍ മാസത്തിലെ ആദ്യ ദിനങ്ങളിലേക്ക് കൂടി ഭാഗിക കര്‍ഫ്യൂ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ക്യാബിനറ്റ് കൈക്കൊള്ളുമെന്നാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

കുവൈത്ത് സിറ്റി: കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുവൈത്തിലെ ഭാഗിക കര്‍ഫ്യൂ കൂടുതല്‍ ദിവസം തുടരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഏപ്രില്‍ എട്ട് വരെ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഫ്യൂ, സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ പിന്നീട് 10 ദിവസത്തേക്ക് കൂടിയെങ്കിലും നീട്ടണമെന്ന നിര്‍ദേശം ക്യാബിനറ്റിന്റെ പരിഗണനയിലാണെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. 

നിലവില്‍ രാജ്യത്തെ കൊവിഡ് വ്യാപന നിരക്കും മരണവും അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും ഏറ്റവും ഉയര്‍ന്ന നിലയിലാണ്. റമദാന്‍ മാസത്തിലെ ആദ്യ ദിനങ്ങളിലേക്ക് കൂടി ഭാഗിക കര്‍ഫ്യൂ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ക്യാബിനറ്റ് കൈക്കൊള്ളുമെന്നാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന് പുറമെ പെരുന്നാള്‍ ദിനത്തില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന സൂചനകളുണ്ടെങ്കിലും ഇത് ഇതുവരെ ക്യാബിനറ്റിന്റെ പരിഗണനയിലില്ല.

അതേസമയം ആസ്‍ട്രസെനിക വാക്സിന്റെ ഒന്നര ലക്ഷം ഡോസ് കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ വാക്സിനുകള്‍ക്കുള്ള വലിയ ഡിമാന്റ് കുവൈത്തിനെയും ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രണ്ടാഴ്‍ചയുടെ ഇടവേളകളില്‍ വാക്സിനുകള്‍ രാജ്യത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്.

രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ഇപ്പോള്‍ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് കൊവിഡ് സുപ്രീം അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ സ്ഥിരീകരിച്ചു. സുരക്ഷാ നടപടികള്‍ പാലിക്കുന്നതിലുള്ള വീഴ്‍ച തുടരുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

click me!