
കുവൈത്ത് സിറ്റി: കുവൈത്ത് തലസ്ഥാനത്തെ പ്രശസ്തമായ സൂഖ് അൽ-മുബാറകിയയിലെ സ്വർണക്കടയിൽ നിന്ന് 500 ദിനാർ വിലമതിക്കുന്ന സ്വർണ ബ്രേസ്ലെറ്റ് മോഷ്ടിച്ച ബിദൂൻ യുവതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. മോഷ്ടിച്ച സ്വർണം ഫർവാനിയയിലെ മറ്റൊരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അന്വേഷണ സംഘത്തിന്‍റെ വലയിലായത്.
സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് അബായയും നിഖാബും ധരിച്ചെത്തിയ യുവതി സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മുബാറകിയയിലെ കടയിൽ കയറിയത്. സാധാരണ ഉപഭോക്താവിനെപ്പോലെ പെരുമാറിയ ഇവർ വ്യാപാരിയുടെ ശ്രദ്ധ മാറിയ സമയം നോക്കി 500 ദിനാറോളം വിലയുള്ള സ്വർണ്ണ ബ്രേസ്ലെറ്റ് കവരുകയായിരുന്നു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അടിയന്തിര അന്വേഷണം ആരംഭിച്ചു.
തുടർന്ന് രാജ്യത്തെ സ്വർണ്ണക്കടകളിലേക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയായിരുന്നു. മോഷണം നടന്ന് 48 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ, ഫർവാനിയയിലെ സ്വർണ്ണക്കടയിൽ ഈ ബ്രേസ്ലെറ്റ് വിൽക്കാൻ ശ്രമിച്ചതോടെ പൊലീസും വ്യാപാരികളും ചേർന്ന് നടത്തിയ നീക്കത്തിൽ പ്രതി വലയിലാവുകയായിരുന്നു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam