1,20,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള പദ്ധതി നീട്ടിവെച്ച് കുവൈത്ത്

By Web TeamFirst Published Aug 23, 2020, 3:19 PM IST
Highlights

ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗത്തെ ഉദ്ധരിച്ച് കുവൈത്തിലെ അല്‍ ജരീദ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പിലൂടെ നാടുവിടാന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ ബാഹുല്യം കാരണം നാടുകടത്തല്‍ കേന്ദ്രത്തില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാകില്ല. 

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമം ലംഘിച്ച് തുടരുന്ന 1,20,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള പദ്ധതി നീട്ടിവെച്ച് കുവൈത്ത്. സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും ഇപ്പോഴുള്ള തടവുകാരുടെ ബാഹുല്യം പരിഗണിച്ചാണ് തീരുമാനം. വ്യോമഗതാഗതം സാധാരണ നിലയിലായി ഇപ്പോഴുള്ള തടവുകാര്‍ അതത് രാജ്യങ്ങളിലേക്ക് മടങ്ങിയ ശേഷം അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള തീവ്രപദ്ധതികള്‍ തുടങ്ങും.

ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗത്തെ ഉദ്ധരിച്ച് കുവൈത്തിലെ അല്‍ ജരീദ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പിലൂടെ നാടുവിടാന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ ബാഹുല്യം കാരണം നാടുകടത്തല്‍ കേന്ദ്രത്തില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാകില്ല. ഇതിന് പുറമെ പൊലീസ് സ്റ്റേഷനുകളിലും നിരവധി തടവുകാരുണ്ട്. വ്യോമ ഗതാഗതം സാധാരണ നിലയിലായെങ്കില്‍ മാത്രമേ ഇവരെ നാടുകളിലേക്ക് മടങ്ങിഅയക്കാനാവൂ. ഇതിന് ശേഷമായിരിക്കും നിയമലംഘകരായ 1,20,000 പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനുള്ള ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. 

ഈ വര്‍ഷം അവസാനത്തോടെ അനധികൃത താമസക്കാരെ പൂര്‍ണമായി ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം പ്രവാസികള്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കി നിയമവിധേയമായി രാജ്യത്ത് തുടരാനുള്ള അവസരം ഇനി നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയം ആഭ്യന്തര മന്ത്രിയുടെ പരിഗണനയിലാണെന്നും അദ്ദേഹമായിരിക്കും ഇനി തീരുമാനമെടുക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

click me!