
കുവൈത്ത് സിറ്റി: ലബുബു കളിപ്പാട്ട വിൽപ്പന നിരോധിച്ച് കുവൈത്ത്. ‘ലബുബു’ ബ്രാൻഡിന്‍റെ TOY3378 മോഡൽ കളിപ്പാട്ടമാണ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിച്ചത്. കുട്ടികൾക്ക് ശ്വാസതടസ്സം ഉണ്ടാകാൻ സാധ്യതയുള്ള നിർമ്മാണ തകരാറുകളാണ് കളിപ്പാട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്താനും കമ്പനിയുമായി ബന്ധപ്പെട്ട് അത് തിരികെ നൽകാനും അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവം റിപ്പോർട്ട് ചെയ്യുന്നതിനോ സംശയങ്ങൾക്കോ, ഉപഭോക്താക്കൾ അധികൃതരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. കളിപ്പാട്ടത്തിന്‍റെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ട് പോരാൻ സാധ്യതയുണ്ടെന്നും ഇതാണ് അപകട സാധ്യതക്ക് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കുവൈത്തിലെ എല്ലാ കടകൾക്കും സ്റ്റോക്കിൽ നിന്ന് ഈ ഉൽപ്പന്നം നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ പല രാജ്യങ്ങളിലും വ്യാജ ‘ലാബുബു’ ഡോളുകളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. കുവൈത്തിൽ പിൻവലിച്ചത് അധികൃതരുടെ അനുമതിയിൽ വിറ്റ യഥാർത്ഥ മോഡലാണെന്ന് മന്ത്രാലയം അറിയിച്ചു. ഇന്‍റർനെറ്റിൽ വലിയ പ്രചാരം നേടിയ ‘ലാബുബു’ കളിപ്പാട്ടങ്ങൾ നിരവധി കുട്ടികൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam