കുവൈത്തിൽ ഇറാൻ അനുകൂലികൾക്കും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചവർക്കും തടവുശിക്ഷ

Published : May 02, 2026, 05:14 PM IST
court

Synopsis

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ കുവൈത്ത് കോടതി നാല് പ്രതികൾക്ക് മൂന്ന് വർഷം കഠിനതടവ് വിധിച്ചു. ഇറാൻ അനുകൂല പ്രവർത്തനങ്ങൾ, വർഗീയ ചേരിതിരിവ്, നിരോധിത സംഘടനയായ ഹിസ്ബുള്ളയ്ക്ക് പിന്തുണ നൽകൽ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 

കുവൈത്ത് സിറ്റി: രാജ്യസുരക്ഷയ്ക്കും സാമൂഹിക ഐക്യത്തിനും ഭീഷണിയുയർത്തുന്ന നീക്കങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി. ശത്രുരാജ്യങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാല് പ്രതികൾക്ക് കോടതി മൂന്ന് വർഷം കഠിനതടവ് വിധിച്ചു. ഇതേ കേസുകളിൽ ഉൾപ്പെട്ട മറ്റ് 50 പേരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയപ്പോൾ എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കി.

കൗൺസിലർ നാസർ അൽ ബദറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിർണ്ണായകമായ ഈ വിധി പ്രസ്താവിച്ചത്. ഇറാൻ അനുകൂല പ്രവർത്തനങ്ങൾ, വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ, രാജ്യത്തിനെതിരായ ശത്രുതാപരമായ നീക്കങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നിരോധിത സംഘടനയായ ഹിസ്ബുള്ളയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകിയതായും പ്രതികൾക്കെതിരെ ആരോപണമുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന തരത്തിലുള്ള നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് കോടതി വീക്ഷിച്ചത്.

നിരോധിത സംഘടനകളെ മഹത്വവൽക്കരിക്കുന്നതും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ഇത്തരം സംഘടനകളുടെ വിനാശകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുസുരക്ഷയുടെ അടിത്തറ ഇളക്കും. പുറമെ പറയുന്ന ന്യായവാദങ്ങളെക്കാൾ, ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതത്തിനാണ് നിയമപരമായി മുൻഗണന നൽകുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈ വിധിയിലൂടെ കുവൈത്ത് ഭരണകൂടം വീണ്ടും വ്യക്തമാക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് കുവൈത്തിന് അമേരിക്കയുടെ അനുമതി
സബ്സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ