
കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. വ്യാഴാഴ്ച കുവൈത്തിലെ പ്രധാന കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരു കുവൈത്ത് പൗരനും ഒരു പാകിസ്ഥാൻ പൗരനും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച ഇറാൻ അംബാസഡർ മുഹമ്മദ് തുതുഞ്ചിയെ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയ അധികൃതർ ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. ആക്രമണത്തിൽ വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ-മഷാൻ ആവർത്തിച്ചു. ഈ നടപടികൾ രാജ്യത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്റെയും ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണങ്ങളുടെയും അവയുടെ പ്രത്യാഘാതങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനാണെന്ന് കുവൈത്ത് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള സ്വാഭാവിക അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. തുടർച്ചയായ ആക്രമണങ്ങൾക്കെതിരായ കുവൈത്തിന്‍റെ ഔദ്യോഗിക നയതന്ത്ര പ്രതികരണമായാണ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam