
റിയാദ്: സൗദി അറേബ്യയിൽ ഫാൽക്കൺറി പാരമ്പര്യത്തെ സ്നേഹിക്കുന്നവരുടെ വൻ തിരക്കിനിടയിൽ നടന്ന ലേലത്തിൽ 'ഷഹീൻ' ഇനത്തിൽപ്പെട്ട ഒരു ഫാൽക്കൺ കുഞ്ഞിന് റെക്കോർഡ് വില. 1,06,000 സൗദി റിയാലാണ് (ഏകദേശം 24 ലക്ഷം രൂപയ്ക്ക് മുകളിൽ) വില ലഭിച്ചത്. നാഷണൽ ഫാൽക്കൺ സെന്റർ സംഘടിപ്പിക്കുന്ന 2026-ലെ വാർഷിക ലേലത്തിന്റെ 24-ാം രാത്രിയിലാണ് ഈ റെക്കോർഡ് വിൽപ്പന നടന്നത്. ഹറദ് മേഖലയിൽ നിന്ന് പക്ഷിവേട്ടക്കാരനായ അലി ഹമദ് അൽ മർറി പിടികൂടിയ പക്ഷിയാണിത്. 15.25 ഇഞ്ച് നീളവും 15.25 ഇഞ്ചിലധികം വീതിയുമുള്ള ഈ പ്രാപ്പിടിയൻ കുഞ്ഞിനായി 40,000 റിയാലിലാണ് ലേലം തുടങ്ങിയത്. തുടർന്ന് നടന്ന വാശിയേറിയ ലേലത്തിനൊടുവിൽ 1,06,000 റിയാലിന് വിറ്റുപോവുകയായിരുന്നു.
സൗദി അറേബ്യയ്ക്കുള്ളിൽ നിന്ന് പിടികൂടുന്ന, ദേശാടന പക്ഷികളായ കടൽ 'ഷഹീൻ' ഫാൽക്കണുകളുടെ കുഞ്ഞുങ്ങളെ മാത്രമാണ് ഈ ലേലത്തിലേക്ക് സ്വീകരിക്കുന്നത്. പ്രായപൂർത്തിയായ ഷഹീൻ, ഹുർ എന്നീ വിഭാഗങ്ങളിൽപ്പെട്ട പക്ഷികളുടെ വംശനാശം തടയുന്നതിനും അവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമായി അവയെ ലേലത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പക്ഷിവേട്ട നടക്കുന്ന സീസണിലുടനീളം വേട്ടക്കാർക്കായി വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമാണ് നാഷണൽ ഫാൽക്കൺ സെന്റർ ഒരുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സെന്ററിന്റെ പ്രത്യേക സംഘങ്ങൾ പക്ഷി ഉടമകളെ നേരിട്ട് സ്വീകരിക്കുകയും, അവർക്ക് താമസസൗകര്യവും ലേല നടക്കുന്ന സ്ഥലത്തേക്കുള്ള യാത്രാസൗകര്യവും സൗജന്യമായി നൽകുകയും ചെയ്യുന്നു. വളരെ വേഗത്തിലും ആവേശകരവുമായ രീതിയിൽ നടക്കുന്ന ഈ തത്സമയ ലേലം വിവിധ ടെലിവിഷൻ ചാനലുകളിലൂടെയും സെന്ററിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam