ഒന്നരലക്ഷം തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു; പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയും

By Web TeamFirst Published Oct 4, 2019, 10:53 AM IST
Highlights

സ്വകാര്യ മേഖലയിലെ ഒന്നര ലക്ഷത്തോളം തസ്തികകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കാന്‍ കുവൈത്ത് ഭരണകൂടത്തിന്റെ തീരുമാനം. പകരം കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ഒന്നര ലക്ഷം തസ്‍തികകള്‍ സ്വദേശിവത്കരിക്കാന്‍ നീക്കം തുടങ്ങി. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് കുവൈത്ത് ഭരണകൂടം ആവിഷ്കരിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിലവിലുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനാണ് തീരുമാനം.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശികള്‍ വിമുഖത കാണിക്കുന്നതിനാല്‍ നിലവില്‍ സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തിന് പുറമെ എല്ലാ മാസവും സര്‍ക്കാര്‍ നിശ്ചിത തുകയും നല്‍കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ വരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ അലവന്‍സ് ഇനത്തിലേക്കുള്ള തുക 100 കോടി ദിനാറായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. സ്വദേശികളുടെ വിമുഖത മാറ്റിയെടുത്ത് സ്വകാര്യ മേഖലയിലെ കൂടുതല്‍ തസ്തികകളില്‍ സ്വദേശികളെ നിയമിക്കും. സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേഷന്‍ വിഭാഗങ്ങളിലായിരിക്കും സ്വദേശികള്‍ക്ക് പ്രധാനമായും നിയമനം നല്‍കുന്നത്. നിലവില്‍ രാജ്യത്തുള്ള 16 ലക്ഷത്തോളം വിദേശികളില്‍ 10 ശതമാനത്തോളം പേരെ ഇങ്ങനെ ഒഴിവാക്കി സ്വദേശികള്‍ക്ക് നിയമനം നല്‍കാനാണ് തീരുമാനം.


 

click me!